Quantcast

ഖത്തര്‍ അമീര്‍ ഹമാസ് രാഷ്ട്രീയ കാര്യതലവനുമായി കൂടിക്കാഴ്ച്ച നടത്തി

ഫലസ്തീന് നല്‍കുന്ന പിന്തുണ തുടരുമെന്ന് ഖത്തർ അമീര്‍ , ഹമാസ് നേതാവിന് ഉറപ്പ് നല്‍കി

MediaOne Logo

Web Desk

  • Published:

    24 May 2021 2:12 AM GMT

ഖത്തര്‍ അമീര്‍  ഹമാസ് രാഷ്ട്രീയ കാര്യതലവനുമായി കൂടിക്കാഴ്ച്ച നടത്തി
X


ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം അല്‍ത്താനി, ഹമാസ് രാഷ്ട്രീയ കാര്യതലവന്‍ ഇസ്മയില്‍ ഹനിയയുമായി കൂടിക്കാഴ്ച്ച നടത്തി. ഫലസ്തീന് നല്‍കുന്ന പിന്തുണ തുടരുമെന്ന് ഖത്തർ അമീര്‍ , ഹമാസ് നേതാവിന് ഉറപ്പ് നല്‍കി. ഇന്ന് രാവിലെയോടെയാണ് ഹമാസ് രാഷ്ട്രീയകാര്യ തലവന്‍ ഡോ. ഇസ്മയില്‍ ഹനിയ ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ത്താനിയുമായി കൂടിക്കാഴ്ച്ച നടത്തിയത്. അമീരി ദിവാനില്‍ നടന്ന കൂടിക്കാഴ്ച്ചയില്‍ ഗസ്സയിലെ ഏറ്റവും പുതിയ സ്ഥിതിഗതികള്‍ ഇരുവരും ചര്‍ച്ച ചെയ്തു.

11 ദിവസം നീണ്ട ഇസ്രയേല്‍ അതിക്രമങ്ങള്‍ക്ക് അറുതിവരുത്തി വെടിനിര്‍ത്തല്‍ സാധ്യമാക്കുന്നതിനായി ഖത്തര്‍ നടത്തിയ മധ്യസ്ഥ നീക്കങ്ങള്‍ക്ക് ഡോ. ഹനിയ നന്ദിയര്‍പ്പിച്ചു. പലസ്തീന് നല്‍കുന്ന രാഷ്ട്രീയപരവും അല്ലാത്തതുമായ മുഴുവന്‍ പിന്തുണയും തുടരുമെന്ന് ഖത്തര്‍ അമീര്‍ ഹമാസ് തലവന് ഉറപ്പ് നല്‍കി. 1967 ലെ അതിര്‍ത്തി കരാര്‍ അനുസരിച്ച് ഫലസ്തീനിനെ എത്രയും പെട്ടെന്ന് സ്വതന്ത്ര പരമാധികാര രാജ്യമായി പ്രഖ്യാപിക്കുക മാത്രമാണ് പ്രശ്നപരിഹാരത്തിനുള്ള ഏറ്റവും പ്രധാനമാര്‍ഗമെന്നതാണ് ഖത്തറിന്‍റെ നിലപാട്.

ഇതേ നിലപാട് കഴിഞ്ഞ ദിവസം ഐക്യരാഷ്ട്രസഭ രക്ഷാസമിതിയില്‍ ഖത്തര്‍ വിദേശകാര്യമന്ത്രി ആവര്‍ത്തിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇന്നലെ ഫലസ്തീന്‍ പ്രസിഡന്‍റ് മഹ്മൂദ് അബ്ബാസ് ഖത്തര്‍ അമീറുമായി ടെലിഫോണ്‍ സംഭാഷണം നടത്തിയിരുന്നു. ഇസ്രയേല്‍ അതിക്രമങ്ങളില്‍ തകര്‍ന്ന ഗസ്സയുടെ പുനരുദ്ധാരണത്തിനും ദുരിതബാധിതര്‍ക്ക് സഹായങ്ങളെത്തിക്കുന്നതിനുമായി ആറ് മില്യണ്‍ ഡോളറിന്‍റെ പദ്ധതികള്‍ ഇതിനകം ഖത്തര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നുണ്ട്.


TAGS :

Next Story