സൗദിയിൽ ക്വാറന്‍റൈൻ ലംഘിച്ച് പുറത്തിറങ്ങിയ 113 പേര്‍ അറസ്റ്റില്‍
അറസ്റ്റിലായവരിൽ വിദേശികളുണ്ടെന്നാണ് വിവരം. കുറ്റം തെളിഞ്ഞാൽ സൗദിയിൽ നിന്നും എന്നന്നേക്കുമായി നാടുകടത്തും
സൗദി അറേബ്യയിൽ ക്വാറന്‍റൈൻ നിർദേശം ലംഘിച്ച് പുറത്തിറങ്ങിയ 113 പേരെ അറസ്റ്റ് ചെയ്തു. ഇവരിൽ ചിലർ കോവിഡ് പോസിറ്റീവായതോടെയാണ് പിടിയിലായത്. അറസ്റ്റിലായവരിൽ വിദേശികളുണ്ടെന്നാണ് വിവരം. ഇവർക്കെതിരെ കുറ്റം തെളിഞ്ഞാൽ സൗദിയിൽ നിന്നും എന്നന്നേക്കുമായി നാടുകടത്തും. പുറമെ പിഴയും ജയിൽ ശിക്ഷയുമുണ്ടാകും.
കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി സൗദിയിലേക്ക് വിദേശത്ത് നിന്നും എത്തുന്നവർക്ക് നിർബന്ധിത ഹോട്ടൽ ക്വാറന്‍റൈനുണ്ട്. സ്വദേശികൾക്ക് ഹോം ക്വാറന്റൈനും നിർബന്ധമാണ്. വാക്സിൻ എല്ലാ ഡോസും എടുത്തവർക്ക് മാത്രമാണ് ഇതിൽ ഇളവ്. എന്നാൽ ക്വാറന്റൈൻ പാലിക്കാതെ പുറത്തിറങ്ങിയവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ ചിലർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ പരിശോധനക്ക് ശേഷം പിടികൂടി. പിന്നീടുള്ള അന്വേഷണത്തിലാണ് ബാക്കിയുള്ളവരെ പിടികൂടിയത്.
അറസ്റ്റിലായവരെ പ്രോസിക്യൂഷന് കൈമാറി. ഇവർക്കെതിരെ കുറ്റം തെളിഞ്ഞാൽ രണ്ട് ലക്ഷം റിയാൽ പിഴയോ രണ്ട് വർഷം തടവോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കും. വിദേശികളാണെങ്കിൽ നാട് കടത്തുകയും സൗദിയിലേക്ക് യാത്രാ നിരോധനം ഏർപ്പെടുത്തുകയും ചെയ്യും. ജിദ്ദയുൾപ്പെടുന്ന മക്ക പ്രവിശ്യയിലാണ് ഭൂരിഭാഗം പേരും അറസ്റ്റിലായത്. സൗദിയിൽ കോവിഡ് കേസുകൾ ചെറിയ തോതിൽ വർധിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ നിയന്ത്രണങ്ങളും പരിശോധനകളും കർശനമാക്കുമെന്ന് ആരോഗ്യ മന്ത്രാലയം ഇന്നറിയിച്ചിരുന്നു.
Adjust Story Font
16