വാക്‌സിനെടുക്കാത്തവർക്ക് സഞ്ചാര നിയന്ത്രണങ്ങൾ; കടുത്ത നടപടികളുമായി യുഎഇ
വാക്‌സിനെടുക്കാത്തവർ മറ്റുള്ളവരുടെ ജീവന് ഭീഷണിയുണ്ടാക്കുന്നുവെന്നും എത്രയും വേഗം തൊട്ടടുത്ത വാക്‌സിൻ കേന്ദ്രത്തിലെത്തി കുത്തിവെപ്പെടുക്കണമെന്നും ദുരന്ത നിവാരണ സമിതി അറിയിച്ചു
വാക്‌സിനെടുക്കാത്ത പൗരൻമാർക്കും താമസക്കാർക്കും നിയന്ത്രണമേർപ്പെടുത്താനൊരുങ്ങി യു.എ.ഇ. ദേശീയ ദുരന്ത നിവാരണ സമിതിയാണ് ഇക്കാര്യം അറിയിച്ചത്. വാക്‌സിനെടുക്കാത്ത 16 വയസിന് മുകളിലുള്ളവർക്ക് സഞ്ചാര നിയന്ത്രണം ഉൾപ്പെടെ ഏർപെടുത്താനാണ് യു.എ.ഇ ഒരുങ്ങുന്നത്. ഇവർക്കുള്ള സേവനങ്ങൾ നിർത്തിവെക്കുന്നതും ആലോചനയിലുണ്ട്. വാക്‌സിനെടുക്കാത്തവർക്ക് ചില മേഖലകളിലേക്ക് പ്രവേശനം വിലക്കുന്നതും പരിഗണിക്കുന്നുണ്ട്.
വാക്‌സിനെടുക്കാത്തവർ മറ്റുള്ളവരുടെ ജീവന് ഭീഷണിയുണ്ടാക്കുന്നുവെന്നും എത്രയും വേഗം തൊട്ടടുത്ത വാക്‌സിൻ കേന്ദ്രത്തിലെത്തി കുത്തിവെപ്പെടുക്കണമെന്നും ദുരന്ത നിവാരണ സമിതി അറിയിച്ചു.
കോവിഡിന്റെ വകഭേദത്തിൽ നിന്ന് സമൂഹത്തെ രക്ഷിക്കാൻ വാക്‌സിനേഷൻ നിർബന്ധമാണ്. വാക്‌സിൻ നിഷേധിക്കുന്നതും വൈകിക്കുന്നതും സമൂഹത്തിന് ഭീഷണിയാണ്. ആരോഗ്യ പ്രശ്‌നങ്ങളുള്ളവർ ഡോക്ടറെ സമീപിച്ച് വാക്‌സിൻ എടുക്കാൻ കഴിയുമോ എന്ന് അന്വേഷിക്കണം. വാക്‌സിൻ സ്വീകരിക്കുന്നത് രോഗപ്രതിരോധത്തിനും ഈ പകർച്ചവ്യാധിയിൽ നിന്ന് സമൂഹത്തെ സംരക്ഷിക്കുന്നതിനും സഹായിക്കും. സാധാരണ നിലയിലേക്ക് തിരിച്ചെത്താൻ ഏറ്റവും മികച്ച മാർഗം വാക്‌സിനാണെന്നും ദുരന്ത നിവാരണ സമിതി അറിയിച്ചു.
അതേസമയം, ഏതൊക്കെ രീതിയിലുള്ള നിയന്ത്രണങ്ങളാണ് നടപ്പാക്കുന്നത് എന്നോ എന്ന് മുതൽ നടപ്പാക്കുമെന്നോ വ്യക്തമാക്കിയിട്ടില്ല. യു.എ.ഇയിൽ 100 ശതമാനം ജനങ്ങൾക്കും വാക്‌സിൻ ലഭ്യമാക്കുക എന്നതാണ് സർക്കാർ നയം. 65 ശതമാനം പൂർത്തീകരിച്ചിട്ടുണ്ട്. 60 വയസിന് മുകളിലുള്ള 74 ശതമാനം പേർക്ക് വാക്‌സിൻ നൽകി. ബാക്കിയുള്ളവർ മടിച്ചു നിൽക്കുന്ന സാഹചര്യത്തിലാണ് നടപടി കർശനമാക്കിയത്. ഇതുവരെ 95 ലക്ഷം ഡോസ് വാക്‌സിനാണ് യു.എ.ഇ നൽകിയത്.
Adjust Story Font
16