മൂന്ന് മാസത്തിനിടെ പിടികൂടിയത് 491 കിലോ മയക്കുമരുന്ന്; നടപടി കടുപ്പിച്ച് ദുബൈ പൊലീസ്
മയക്കുമരുന്നിനെതിരായ ബോധവത്കരണ പരിപാടികളും ദുബൈ പൊലീസ് ഊർജിതമായി തുടരുകയാണ്.
ദുബൈ: മയക്കുമരുന്ന് വിരുദ്ധ നടപടികൾ കടുപ്പിച്ച് യു.എ.ഇ. വിവിധയിടങ്ങളിൽ നിന്നായി മൂന്നു മാസത്തിനിടെ ദുബൈ പൊലീസ് പിടികൂടിയത് 491 കിലോ മയക്കുമരുന്നും 33 ലക്ഷം മയക്കുമരുന്ന് ഗുളികകളുമാണ്. ഇന്ത്യക്കാർ ഉൾപ്പെടെ നിരവധി പേർ പിടിയിലാവുകയും ചെയ്തു.
കൊക്കൈൻ, ഹെറോയിൻ, ക്രിസ്റ്റൽ മെത്ത്, കറുപ്പ്, കഞ്ചാവ്, ഹാഷിഷ് എന്നിവ പിടികൂടിയവയിൽ ഉൾപ്പെടും. മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകളിൽ 50 ശതമാനത്തോളം പ്രതികളെ അറസ്റ്റ് ചെയ്യാനും ദുബൈ പൊലീസിനായി.
മയക്കുമരുന്ന് ഉപയോഗം പ്രോത്സാഹിപ്പിക്കുന്നുവെന്ന് കണ്ടെത്തിയ 560 സമൂഹ മാധ്യമ അക്കൌണ്ടുകൾക്ക് വിലേക്കർപ്പെടുത്തി. നടപ്പുവർഷം രണ്ടാം പാദത്തിൽ മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങൾ ഇന്ത്യ, ആസ്ട്രേലിയ, യു.കെ, സൗദി അറേബ്യ, ചൈന, ഫിലിപ്പൈൻ, കുവൈത്ത്, ജർമനി, പാകിസ്താൻ തുടങ്ങിയ രാജ്യങ്ങളുമായി പങ്കുവെച്ചതായും ദുബൈ പൊലിസ് അറിയിച്ചു. അന്താരാഷ്ട്ര തലത്തിൽ 28 പ്രതികളുടെ അറസ്റ്റിനും ഇത് വഴിയൊരുക്കി. ഇതിലൂടെ 431 കിലോ മയക്കുമരുന്നാണ് പിടിച്ചെടുത്തത്.
മയക്കുമരുന്നിൽ നിന്ന് രാജ്യത്തെ ജനങ്ങളെ സംരക്ഷിക്കുന്നതിലും മയക്കുമരുന്ന് വിതരണ കണ്ണികൾക്കെതിരായ നടപടികളിലും ആന്‍റി നർകോട്ടിക് ഡിപാർട്ട്മെന്റിന് നിർണായക പങ്കുണ്ടെന്ന് ദുബൈ പൊലീസ് കമാൻഡർ ഇൻ ചീഫ് ലഫ്റ്റനന്റ് ജനറൽ അബ്ദുള്ള ഖലീഫ അൽ മർറി പറഞ്ഞു. മയക്കുമരുന്നിനെതിരായ ബോധവത്കരണ പരിപാടികളും ദുബൈ പൊലീസ് ഊർജിതമായി തുടരുകയാണ്.
Adjust Story Font
16