സലാലയിൽ തെങ്ങിൽ നിന്ന് വീണ് പാലക്കാട് സ്വദേശിക്ക് ഗുരുതര പരിക്ക്; ഇടുപ്പെല്ലുകൾ തകർന്ന് ആശുപത്രിയിൽ
മണ്ണാർക്കാട് സ്വദേശി കുഞ്ഞാമുവാണ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്.
സലാല: തെങ്ങിൽ നിന്ന് വീണ് ഗുരുതര പരിക്കേറ്റ മണ്ണാർക്കാട് സ്വദേശി കുഞ്ഞാമു (47) സുൽത്താൻ സലാല ഖാബൂസ് ആശുപത്രിയിൽ ചികിത്സയിൽ. സലാല സെന്ററിനു സമീപമുള്ള മസ്ജിദ് ബാമസ്റൂഹിന് സമീപത്തുള്ള തോട്ടത്തിൽ കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം.
തെങ്ങുകയറ്റ തൊഴിലാളിയായ കുഞ്ഞാമു സഹായികളോടൊപ്പം പതിവുപോലെ രാവിലെ തെങ്ങിൽ കയറുകയായിരുന്നു. തേങ്ങാക്കൊല വെട്ടുന്നതിനിടെ കൈയിലുണ്ടായിരുന്ന ആയുധം അബദ്ധത്തിൽ കാൽപാദത്തിൽ കൊണ്ട് മുറിഞ്ഞു. രക്തം കണ്ട് കുഞ്ഞാമുവിന്റെ ബോധം നഷ്ടപ്പെടുകയും പിടിവിട്ട് താഴെ വീഴുകയുമായിരുന്നു. ഫോർമാൻ അലിയും മറ്റുള്ളവരും ചേർന്ന് ഉടനെ ആശുപത്രിയിൽ എത്തിച്ചു. വീഴ്ചയിൽ രണ്ട് ഇടുപ്പെല്ലുകൾക്കും തകരാറ് സംഭവിച്ചു.
കൂടാതെ പാദത്തിന്റെ എല്ലുകൾക്കും പരിക്കുണ്ട്. ആന്തരിക രക്ത സ്രാവം ഉണ്ടാവുകയും ചെയ്തിരുന്നു. രക്തസ്രാവം ചികിത്സിച്ച് സാധാരണ നിലയിൽ ആക്കിയിട്ടുണ്ട്. ഏകദേശം ഏഴ് മീറ്ററോളം ഉയരമുള്ള തെങ്ങിൽ നിന്ന് വീണത് വാഴക്കൂട്ടത്തിലേക്കാണെന്ന് ദ്യക്സാക്ഷികൾ പറഞ്ഞു. അതിനാലാണ് സ്പൈനൽ കോഡിന് തകരാർ സംഭവിക്കാതിരുന്നതെന്ന് കരുതുന്നു.
സുൽത്താൻ ഖാബൂസ് ആശുപത്രിയിലെ ഓർത്തോ വാർഡിലുള്ള കുഞ്ഞാമുവിനെ അടിയന്തര ഓപറേഷനുകൾക്കായി നാട്ടിലേക്ക് കൊണ്ടുപോവാനുള്ള ശ്രമത്തിലാണ് നാട്ടുകാരും സുഹ്യത്തുക്കളും. സ്ട്രക്ചറൽ ടിക്കറ്റിന് ഏകദേശം 2000 റിയാലോളം വേണ്ടി വരും. ഇതിനകം ആശുപത്രിയിൽ നല്ലൊരു തുകയുടെ ബില്ലായിട്ടുണ്ട്. കൂടാതെ തുടർ ചികിത്സയ്ക്കും വലിയൊരു തുക വേണ്ടി വന്നേക്കും. മാസങ്ങളോളം വിശ്രമം വേണ്ടിവന്നേക്കുമെന്നാണ് ഡോക്ടർമാർ പറഞ്ഞിരിക്കുന്നത്.
സലാലയിലെ പ്രമുഖ മലയാളി സംഘടനകളുടെ ഭാരവാഹികൾ ഇതിനകം കുഞ്ഞാമുവിനെ സന്ദർശിക്കുകയും സഹായ വാഗ്ദാനം നൽകിയിട്ടുമുണ്ട്. സഹായത്തിനായി മറ്റു തെങ്ങുകയറ്റ തൊഴിലാളികളും രംഗത്തെത്തിയിട്ടുണ്ട്. ഡിസംബർ 25ന് ഇദ്ദേഹത്തിന്റെ വിസാ കാലാവധി തീരാനിരിക്കെയാണ് അപകടം. പാലക്കാട് ജില്ലയിലെ മണ്ണാർക്കാട്ടുകാരനായ കുഞ്ഞാമുവിന് ഭാര്യയും രണ്ട് മക്കളുമാണുള്ളത്.
ഏക മകളുടെ വിവാഹം കഴിഞ്ഞു. മകൻ പത്താം ക്ലാസിൽ പഠിക്കുന്നു. രേഖകൾ ശരിയായാൽ ഡിസബർ 23ന് ഇദ്ദേഹത്തെ നാട്ടിലേക്ക് കൊണ്ടുപോവുമെന്ന് സഹായിയും നാട്ടുകാരനുമായ അലി പറഞ്ഞു. അന്നന്നത്തെ കാര്യങ്ങൾ നടന്നുപോവുന്ന സാധാരണക്കാരനായ തെങ്ങ് കയറ്റ തൊഴിലാളിയെ സഹായിക്കാൻ പ്രവാസികൾ മുന്നോട്ടുവരുമെന്നാണ് കുഞ്ഞാമുവിന്റെ പ്രതീക്ഷ. ബന്ധപ്പെടേണ്ട നമ്പർ 95593858.
Adjust Story Font
16