ഖത്തറിൽ നിയമലംഘനം നടത്തിയ 13 ശൈത്യകാല ക്യാമ്പുകൾക്കെതിരെ നടപടി
ക്യാമ്പുകളുടെ ഉടമകൾ മറ്റുള്ളവർക്ക് വാടകക്ക് നൽകിയത് ഉൾപ്പെടെയുള്ള സംഭവങ്ങളിലാണ് നടപടി സ്വീകരിച്ചത്
ഖത്തറിന്റെ വിവിധ ഭാഗങ്ങളിലായി ശൈത്യകാല ക്യാമ്പുകൾക്ക് തുടക്കം കുറിച്ചതിനു പിന്നാലെ പരിശോധന സജീവമാക്കി പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന മന്ത്രാലയം. നിയമലംഘനം നടത്തിയ 13 ക്യാമ്പുകൾക്കെതിരെ നടപടി സ്വീകരിച്ചതായി മന്ത്രാലയം അറിയിച്ചു.
ക്യാമ്പുകളുടെ യഥാർത്ഥ ഉടമകൾ മറ്റുള്ളവർക്ക് വാടകക്ക് നൽകിയത് ഉൾപ്പെടെയുള്ള സംഭവങ്ങളിലാണ് നടപടി സ്വീകരിച്ചത്. ലഖ്വിയ, പരിസ്ഥിതി സംരക്ഷണ വിഭാഗം എന്നിവരുടെ സഹകരണത്തോടെയായിരുന്നു പരിശോധനകൾ. ക്യാമ്പുകൾക്കായി നിർദേശിച്ച നിബന്ധനകൾ പാലിക്കുന്നോ എന്ന് ഉറപ്പാക്കുന്നതിനായി നിരീക്ഷണങ്ങൾ ശക്തമായി തുടരുമെന്നും മന്ത്രാലയം അറിയിച്ചു.
ക്യാമ്പുകളുടെ ഉടമകൾ സാമൂഹിക മാധ്യമങ്ങൾ വഴിയാണ് പാട്ടത്തിനു നൽകുന്നത് അറിയിച്ചുകൊണ്ട് പരസ്യം ചെയ്തത്. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയായിരുന്നു നടപടി സ്വീകരിക്കുകയും, ക്യാമ്പുകൾ നീക്കം ചെയ്യുകയും ചെയ്തത്. ഇത്തരം സാഹചര്യങ്ങളിൽ ടെൻറുകളും ക്യാബിനുകളും മറ്റ് ക്യാമ്പിംഗ് ഉപകരണങ്ങളും മുൻകൂർ അറിയിപ്പ് കൂടാതെ കണ്ടുകെട്ടും. ഭൂരിഭാഗം ക്യാമ്പംഗങ്ങളും ബന്ധപ്പെട്ട നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
അതിനിടെ, ക്യാമ്പിങ് മേഖലകളിൽ പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വിഭാഗം മന്ത്രി ഡോ. ഫാലിഹ് ബിൻ നാസർ ബിൻ അഹമ്മദ് ബിൻ അലി ആൽഥാനി സന്ദർശിച്ചു.
Adjust Story Font
16