Quantcast

സൗദിയിൽ എയർ ആംബുലൻസ് സേവനങ്ങൾ വ്യാപകമാകുന്നു; കൂടുതൽ സംവിധാനങ്ങളൊരുക്കാൻ ആരോഗ്യവകുപ്പ്

കഴിഞ്ഞ രണ്ട് മാസത്തിനിടെ 250ലധികം കേസുകളിൽ എയർ ആംബുലൻസുകൾ ഉപയോഗിച്ചു.

MediaOne Logo

Web Desk

  • Published:

    19 Oct 2023 6:50 PM GMT

സൗദിയിൽ എയർ ആംബുലൻസ് സേവനങ്ങൾ വ്യാപകമാകുന്നു; കൂടുതൽ സംവിധാനങ്ങളൊരുക്കാൻ ആരോഗ്യവകുപ്പ്
X

ജിദ്ദ: സൗദിയിൽ അടിയന്തിര സാഹചര്യങ്ങളിലെ രക്ഷാപ്രവർത്തനങ്ങൾക്ക് എയർ ആംബുലൻസുകളുടെ സേവനം വ്യാപകമായി ഉപയോഗിച്ചു തുടങ്ങി. കഴിഞ്ഞ രണ്ട് മാസത്തിനിടെ 250ലധികം കേസുകളിൽ എയർ ആംബുലൻസുകൾ ഉപയോഗിച്ചു. അടിയന്തര സാഹചര്യങ്ങളെ നേരിടാനുള്ള സംവിധാനങ്ങൾ കൂടുതൽ വിപൂലീകരിച്ചുകൊണ്ടിരിക്കുകയാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

മുൻ കാലങ്ങളെ അപേക്ഷിച്ച് രക്ഷാ പ്രവർത്തനങ്ങൾക്ക് എയർ ആംബുലൻസ് സേവനങ്ങൾ ഇപ്പോൾ വ്യാപകമായി ഉപയോഗിച്ചുവരുന്നുണ്ട്. കഴിഞ്ഞ ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ മാത്രം എയർ ആംബുലൻസ് വിമാനങ്ങൾ ഉപയോഗിച്ച് 250ലധികം രക്ഷാ പ്രവർത്തനങ്ങൾ വിജയകരമായി നടത്തിയതായി സൗദി റെഡ് ക്രസൻ്റ് അറിയിച്ചു. അടിയന്തര സാഹചര്യങ്ങളെ നേരിടാനുള്ള സംവിധാനങ്ങൾ റെഡ് ക്രസൻ്റ് വിപുലീകരിച്ചുകൊണ്ടിരിക്കുകയാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

അതിൻ്റെ ഭാഗമായാണ് എയർ ആംബുലൻസ് സേവനങ്ങളും വ്യാപകമാക്കി തുടങ്ങിയത്. രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിന് നിരവധി ആരോഗ്യ പ്രവർത്തകരും പാരാമെഡിക്കൽ സംഘങ്ങളും പ്രവർത്തിക്കുന്നുണ്ട്. രണ്ട് മാസത്തിനിടെ നിരവധി ആവശ്യങ്ങൾക്കായി എയർ ആംബുലൻസ് സേവനങ്ങൾ ഉപയോഗപ്പെടുത്തി. 102 രോഗികളെ ഒരു ആശുപത്രിയിൽ നിന്ന് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുന്നതിനും, 142 വാഹനപകട കേസുകളിലും എയർ ആംബുലൻസിൻ്റെ സേവനം ഉപയോഗിച്ചു. കൂടാതെ ഹൈവേകളിൽ വെച്ച് യാത്രക്കിടെ ആരോഗ്യ പ്രശ്നങ്ങൾ നേരിടുക, റോഡ് ഗതാഗതം ദുഷ്കരമാകുന്ന സാഹചര്യങ്ങളിൽ രോഗികളെ ആശുപത്രിയിലെത്തിക്കുക തുടങ്ങിയ പല സാഹചര്യങ്ങളിലും ഇപ്പോൾ എയർ ആംബുലൻസുകളുടെ സേവനം ലഭ്യമാകും.

ജിദ്ദയിൽ ഇന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രണ്ട് പേരെ എയർ ആംബുലൻസ് സംഘം നഗരത്തിലെ കിംഗ് ഫഹദ് ഹോസ്പിറ്റലിൽ എത്തിച്ചു. അപകട വിവരം ലഭിച്ച് 14 മിനുട്ടിനുള്ളിൽ എയർ ആംബുലൻസിനോടൊപ്പം രണ്ട് ആംബുലൻസ് സംഘങ്ങളും സംഭവ സ്ഥലത്തെത്തിയതായി അധികൃതർ വ്യക്തമാക്കി.

TAGS :

Next Story