അജ്മാൻ-സൗദി ബസ് സർവീസ് തുടങ്ങി; ദിവസം മൂന്ന് ബസുകൾ പുറപ്പെടും
250 മുതൽ 600 ദിർഹം വരെയാണ് ടിക്കറ്റ് നിരക്ക്. അജ്മാൻ ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ അൽതല്ല ബസ് സ്റ്റേഷനിൽ നിന്നാണ് സൗദിയിലേക്കുള്ള ബസുകൾ പുറപ്പെടുക.
യു.എ.ഇയിലെ അജ്മാനിൽ നിന്ന് സൗദിയിലേക്ക് ബസ് സർവീസ് തുടങ്ങി. ദിവസവും റിയാദ്, ദമ്മാം, ജിദ്ദ, മക്ക നഗരങ്ങളിലേക്കാണ് അജ്മാനിൽ നിന്ന് ബസ് പുറപ്പെടുക. 250 മുതൽ 600 ദിർഹം വരെയാണ് ടിക്കറ്റ് നിരക്ക്. അജ്മാൻ ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ അൽതല്ല ബസ് സ്റ്റേഷനിൽ നിന്നാണ് സൗദിയിലേക്കുള്ള ബസുകൾ പുറപ്പെടുക. സൗദി വിസ കൈവശമുള്ളവർക്ക് ബസിൽ യാത്രതിരിക്കാം. യു.എ.ഇ, സൗദി അതിർത്തിയിലേക്ക് ആറു മണിക്കൂർ കൊണ്ട് ബസ് ഓടിയെത്തും. റിയാദ്, ദമ്മാം എന്നിവിടങ്ങളിലേക്ക് 12 മണിക്കൂറും, ജിദ്ദ, മക്ക നഗരങ്ങളിലേക്ക് 24 മണിക്കൂറും സമയമെടുക്കും.
സൗദിയിലെ സാപ്ട്‌കോയുടെ മൂന്ന് ബസുകളാണ് അജ്മാനിൽ നിന്ന് സർവീസ് നടത്തുക. കോവിഡ് നിയന്ത്രണമുള്ളതിനാൽ ഒരു ബസിൽ 24 യാത്രക്കാരെയാണ് അനുവദിക്കുക. യാത്രക്കാർ വാക്‌സിനേഷൻ പൂർത്തിയാക്കിയിരിക്കണം. പുറപ്പെടുന്നതിന് മുമ്പെടുത്ത പി.സി.ആർ പരിശോധനയിൽ നെഗറ്റീവ് ആവുകയും വേണം. 250 ദിർഹം മുതൽ 600 ദിർഹം വരെയാണ് സൗദി യാത്രക്ക് ടിക്കറ്റ് നിരക്ക്. സാധാരണക്കാരായ പ്രവാസികൾക്ക് യു.എ.ഇ- സൗദി യാത്രക്ക് ബസ് സർവീസ് വലിയ അനുഗ്രഹമാവുമെന്നാണ് ചൂണ്ടിക്കാട്ടുന്നത്. ആദ്യദിവസങ്ങളിൽ തന്നെ മികച്ച പ്രതികരണമാണ് സൗദി സർവീസിന് ലഭിച്ചതെന്ന് അജ്മാൻ ട്രാൻസ്‌പോർട്ട് അതോറിറ്റി അധികൃതർ പറഞ്ഞു.
Adjust Story Font
16