യു.എ.ഇയിലെത്തുന്ന ടൂറിസ്റ്റുകൾക്ക് വാറ്റ് റീഫണ്ടിന് ആപ്പ്
ഫെഡറൽ ടാക്സ് അതോറിറ്റിയാണ് ഇതിന് രൂപം നൽകിയത്.
ദുബൈ: യു.എ.ഇയിൽ എത്തുന്ന വിനോദ സഞ്ചാരികൾക്ക് മൂല്യവർധിത നികുതി റീഫണ്ടു ചെയ്യാൻ പുതിയ ഡിജിറ്റൽ ആപ്ലിക്കേഷൻ. ഫെഡറൽ ടാക്സ് അതോറിറ്റിയാണ് ഇതിന് രൂപം നൽകിയത്. ദുബൈ വേൾഡ്ട്രേഡ് സെന്‍ററിൽ നടക്കുന്ന സാങ്കേതിക വിദ്യ പ്രദർശനമായ ജൈറ്റെക്സിലാണ് പുതിയ ആപ്പ് എഫ്.ടി.എ അവതരിപ്പിച്ചത്.
സന്ദർശനത്തിനിടെ രാജ്യത്തെ വിവിധ ഷോപ്പുകളിൽ നിന്ന് വാങ്ങിയ സാധനങ്ങളുടെ പ്രിന്‍റഡ് ബില്ലുകൾ കയ്യിൽ കരുതേണ്ടതില്ലെന്നതാണ് ഇതിന്‍റെ പ്രത്യേകത. എഫ്.ടി.എയുടെ സേവന ദാതാക്കളായ പ്ലാനറ്റ് മുഖേന സന്ദർശകർക്ക് പുതിയ ആപ്പ് ഡൗൺലോഡ് ചെയ്യാം. രാജ്യത്തെ ഏതെങ്കിലും ഷോപ്പുകളിൽ നിന്ന് സാധനങ്ങൾ വാങ്ങുമ്പോൾ വ്യാപാരികൾ ഇൻവോയ്സ് സ്കാൻ ചെയ്യുകയും ഇത് ആപ്പിൽ റെകോർഡ് ചെയ്യുകയും ചെയ്യും. ഇങ്ങനെ ഉപഭോക്താവ് നടത്തുന്ന ഓരോ ഇടപാടുകളുടെയും ഇൻവോയ്സുകൾ ആപ്പിൽ രേഖപ്പെടുത്തും. തുടർന്ന് ഇയാൾ രാജ്യം വിടുമ്പോൾ വിമാനത്താവളങ്ങളിലെ നിശ്ചിത കൗണ്ടറുകളിൽ ആപ്പിലെ ഡിജിറ്റൽ ഇൻവോയ്സ് വിവരങ്ങൾ കാണിച്ചാൽ ക്രഡിറ്റ് കാർഡുകളിൽ വാറ്റ് തുക റീഫണ്ട് ചെയ്യും. നടപടി ഏറ്റവും ലളിതമാണെന്ന് എഫ്.ടി.എയുടെ നികുതി ദായകരുടെ സേവന വകുപ്പ് ഡയക്ടർ സഹ്റ അൽ ദമാനി പറഞ്ഞു.
2018ൽ ആണ് യു.എ.ഇയിൽ ഉത്പന്നങ്ങൾക്ക് വാറ്റ് നികുതി പ്രഖ്യാപിച്ചത്. എന്നാൽ, ടൂറിസ്റ്റുകൾക്ക് വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, മറ്റ് അതിർത്തി ചെക്പോസ്റ്റുകൾ എന്നിവിടങ്ങളിലെ നിശ്ചിത കൗണ്ടറുകളിൽ ബില്ലുകൾ നൽകി വാറ്റ് റീഫണ്ട് ചെയ്യാൻ അവസരം നൽകിയിരുന്നു. കൗണ്ടറുകളിൽ നീണ്ട നേരം ക്യൂ നിന്നാണ് ഇത് സാധ്യമായിരുന്നത്. ഡിജിറ്റൽ ആപ്പ് വരുന്നതോടെ നടപടിക്രമങ്ങൾ വേഗത്തിലാകും.
Adjust Story Font
16