കോവിഡിന്‍റെ പുതിയ വകഭേദം; ഗൾഫ് രാജ്യങ്ങള്‍ നടപടി ശക്തമാക്കി
ദക്ഷിണാഫ്രിക്കക്കു പിന്നാലെ ഇസ്രായേലിലും പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ യാത്രാവിലക്ക് ഉൾപ്പെടെയുള്ള മുൻകരുതൽ നടപടി സ്വീകരിക്കാനുള്ള തയാറെടുപ്പിലാണ് ജി.സി.സി രാജ്യങ്ങൾ
കോവിഡിന്‍റെ പുതിയ വകഭേദം പടരുന്നത് തടയാൻ ഗൾഫ് രാജ്യങ്ങളും നടപടി ശക്തമാക്കി. ദക്ഷിണാഫ്രിക്കക്കു പിന്നാലെ ഇസ്രായേലിലും പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ യാത്രാവിലക്ക് ഉൾപ്പെടെയുള്ള മുൻകരുതൽ നടപടി സ്വീകരിക്കാനുള്ള തയാറെടുപ്പിലാണ് ജി.സി.സി രാജ്യങ്ങൾ. പ്രധാന ആഫ്രിക്കൻ രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾക്ക് സൗദി അറേബ്യയും ബഹ്റൈനും താൽക്കാലിക വിലക്ക് ഏർപ്പെടുത്തി.
ഏഴ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്കാണ് സൗദി അറേബ്യ വിലക്കേര്‍പ്പെടുത്തിയത്. ദക്ഷിണാഫ്രിക്ക, നമീബിയ, ബോട്‌സ്വാന, സിംബാവെ, മൊസാംബിക്ക്, ഇസ്വാതിനി, ലിസോത്തോ എന്നീ രാജ്യങ്ങളില്‍ നിന്നും സൗദിയിലേക്കും തിരിച്ചുമുള്ള സര്‍വിസുകൾക്ക് വിലക്ക് ബാധകമായിരിക്കും. ദക്ഷിണാഫ്രിക്ക ഉൾപ്പെടെ ആറ് രാജ്യങ്ങളിലേക്കുള്ള സർവീസ് റദ്ദാക്കിയതായി ബഹ്റൈനും അറിയിച്ചു. എന്നാൽ യു.എ.ഇ ഉൾപ്പെടെ മറ്റു ഗൾഫ് രാജ്യങ്ങൾ സർവീസ് വിലക്ക് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടിട്ടില്ല.
മാരകശേഷിയുള്ള പുതിയ കോവിഡ് വകഭേദം തടയാൻ എല്ലാ മുൻകരുതൽ നടപടികളും സ്വീകരിച്ചു വരികയാണെന്ന് വിവിധ ഗൾഫ് രാജ്യങ്ങൾ പ്രതികരിച്ചു. നിലവിലെ കോവിഡ് നിയന്ത്രണങ്ങൾ തുടരും. ബൂസ്റ്റർ ഡോസ് വാക്സിൻ വിതരണം ഊർജിതമാക്കി കോവിഡ് വ്യാപന സാധ്യത തടയാനുള്ള നീക്കവും സജീവമാണ്. അടുത്തിടെ പ്രാബല്യത്തിൽ വന്ന ഇളവുകളിൽ മാറ്റം വരുത്തേണ്ട സാഹചര്യമില്ലെന്നാണ് ഗൾഫ് ആരോഗ്യ മന്ത്രാലയങ്ങൾ അറിയിച്ചത്. അതേ സമയം പുതിയ കോവിഡ് വകഭേദം പടരുകയാണെങ്കിൽ ഉചിതമായ പുനരാലോചനകളും നടപടികളും വേണ്ടി വരുമെന്നും ബന്ധപ്പെട്ടവർ പ്രതികരിച്ചു.
Adjust Story Font
16