ഖത്തർ യൂനിവേഴ്സിറ്റിയെ പ്രശംസിച്ച് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍
ലോകകപ്പ് വേളയിൽ അർജന്‍റീന ടീമിന് നൽകിയ ആതിഥേയത്വത്തിനാണ് ഖത്തർ യൂനിവേഴ്സിറ്റിയെ അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ പ്രശംസിച്ചത്
ഖത്തർ: ലോകകപ്പ് വേളയിൽ അർജന്‍റീന ടീമിന് നൽകിയ ആതിഥേയത്വത്തിന് ഖത്തർ യൂനിവേഴ്സിറ്റിയെ പ്രശംസിച്ച് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍. യൂനിവേഴ്സിറ്റിയിലെ സൗകര്യങ്ങള്‍ ടീമിന്റെ പ്രകടനത്തില്‍ സ്വാധീനം ചെലുത്തിയതായി പ്രസിഡന്റ് ക്ലോഡിയോ ടാപ്പിയ പറഞ്ഞു. ബ്യൂണസ് എയ്റിസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ഖത്തര്‍ യൂനിവേഴ്സിറ്റിയെ പ്രശംസ കൊണ്ടുമൂടിയത്.
അർജന്റീന ടീം ഖത്തറിലെത്തിയ നിമിഷം മുതൽ ഖത്തർ യൂനിവേഴ്സിറ്റി മികച്ച സൗകര്യങ്ങളാണ് ഒരുക്കിയത്. ടീമിന് മികച്ച പ്രകടനം നടത്താനും ലോക ചാമ്പ്യന്മാരാവാനുമുള്ള യാത്രയ്ക്കും അതേറെ സഹായകമായെന്ന് ക്ലോഡിയോ ടാപ്പിയ പറഞ്ഞു.
ലോകകപ്പില്‍ മിനി അര്‍ജന്റീന ഒരുക്കിയാണ് ഖത്തര്‍ യൂനിവേഴ്സിറ്റി മെസിയെയും സംഘത്തെയും സ്വാഗതം ചെയ്തത്. സ്പാനിഷ് സ്വാഗത ബോര്‍ഡുകള്‍ക്കൊപ്പം അര്‍ജന്റീന ജേഴ്സിയും പതാകയും കൊണ്ട് ബേസ് ക്യാമ്പ് അലങ്കരിച്ചിരുന്നു. ക്യാമ്പസിനുള്ളില്‍ തന്നെയാണ് ടീമിന് പരിശീലന സൗകര്യങ്ങളും ഒരുക്കിയിരുന്നത്. മെസ്സി താമസിച്ച ഹോസ്റ്റൽ മുറി മിനി മ്യൂസിയമാക്കി മാറ്റാൻ ഖത്തർ യൂനിവേഴ്സിറ്റി അധികൃതർ തീരുമാനിച്ചിട്ടുണ്ട്.
Adjust Story Font
16