ബഹ്റൈനിലെ 11-ാമത് ലുലു ഹൈപ്പർ മാർക്കറ്റ് പ്രവർത്തനമാരംഭിച്ചു
ബഹ്റൈനിൽ രണ്ട് പുതിയ ഹൈപ്പർമാർക്കറ്റുകൾ ലുലു ഗ്രൂപ്പ് കൂടി ഉടൻ തുറക്കും
മനാമ: പ്രമുഖ വ്യാപാര ശൃംഖലയായ ലുലു ഹൈപ്പർ ഗ്രൂപ്പിൻറെ ബഹ്റൈനിലെ പതിനൊന്നാമത് ഹൈപ്പർമാർക്കറ്റ് മനാമ സെൻററിൽ പ്രവർത്തനമാരംഭിച്ചു. ബഹ്റൈനിൽ രണ്ട് പുതിയ ഹൈപ്പർ മാർക്കറ്റുകൾ കൂടി ഉടൻ തുറക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എം.എ യൂസുഫലി പറഞ്ഞു.
ആഗോളതലത്തിൽ ലുലു ഗ്രൂപ്പിന്റെ 261-മത്തെ ഹൈപ്പർമാർക്കറ്റാണ് സേക്രഡ് ഹാർട്ട് ചർച്ചിന് സമീപം സെൻട്രൽ മനാമയിൽ ആരംഭിച്ചത്. ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എം.എ യൂസുഫലിയുടെ സാന്നിധ്യത്തിൽ ബഹ്റൈൻ വഖഫ് കൗൺസിൽ ചെയർമാൻ ശൈഖ് റാഷിദ് മുഹമ്മദ് സാലിം അൽ ഹാജിരി ഉദ്ഘാടനം നിർവഹിച്ചു. വ്യവസായ വാണിജ്യ മന്ത്രാലയം അണ്ടർസെക്രട്ടറി ഇമാൻ അഹമ്മദ് അൽ-ദോസെരി, ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ്, ലുലു ബഹ്റൈൻ ഡയറക്ടർ ജൂസർ രൂപാവാല, നയതന്ത്രജ്ഞർ, വ്യവസായ പ്രമുഖർ, തുടങ്ങിയവർ സന്നിഹിതരായിരുന്നു.
തലസ്ഥാന നഗരിയിലെ റെസിഡൻഷ്യൽ, കൊമേഴ്‌സ്യൽ ഏരിയയുടെ ഹൃദയഭാഗത്തായി ഉപഭോക്താക്കൾക്ക് സൗകര്യപ്രദമായ സ്ഥലത്ത് 55,000 ചതുരശ്രയടി വിസ്തീർണ്ണത്തിൽ ഒരുക്കിയ ഹൈപ്പർമാർക്കറ്റിൽ മികച്ച ഷോപ്പിങ് അനുഭവത്തിനായി വിപുലമായ സജ്ജീകരണങ്ങളാണൊരുക്കിയിട്ടുള്ളത്. ആറ് മാസത്തിനുള്ളിൽ, ബഹ്‌റൈനിൽ 200 ദശലക്ഷം ദീനാറിന്റെ നിക്ഷേപമാണ് ലുലു നടത്തുന്നതെന്നും ബഹ്റൈനിൽ അവന്യൂസിലും ദിയാർ അൽ മുഹറഖിലുമായി രണ്ട് പുതിയ ഹൈപ്പർ മാർക്കറ്റുകൾ ഉടൻ തുറക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസുഫലി പറഞ്ഞു.
ശക്തമായ റീട്ടെയിൽ ശൃംഖല എന്ന നിലയിലുള്ള ബഹ്റൈനിലെ ലുലു ഗ്രൂപ്പിന്റെ വളർച്ചക്ക് എല്ലാ സഹായ സഹകരണങ്ങളും ചെയ്തു തരുന്ന ഹമദ് രാജാവിനും കിരീടാവകാശിക്കും ലുലു ഗ്രുപ്പ് ചെയർമാൻ നന്ദി അറിയിച്ചു. മനാമ സെന്ററിലെ ഹൈപ്പർ മാർക്കറ്റ് ആരംഭിക്കുവാൻ എല്ലാ സൗകര്യങ്ങളും പിന്തുണയും നൽകിയ ബഹ്റൈൻ വഖഫ് കൗൺസിലിനും അദ്ദേഹം നന്ദി പറഞ്ഞു.
Adjust Story Font
16