ബഹ്‌റൈനിലെ ശ്രീകൃഷ്ണ ക്ഷേത്ര പുനരുദ്ധാരണത്തിന് 20 ലക്ഷം ദീനാറിന്റെ പദ്ധതി
ക്ഷേത്രം സ്ഥിതിചെയ്യുന്ന ഭൂമിക്ക് പ്രത്യേക പദവി നൽകി ഭവന, നഗരാസൂത്രണ മന്ത്രി അംന അൽ റൊമൈഹി ഉത്തരവിറക്കി.
മനാമ: ബഹ്‌റൈനിലെ 200 വർഷം പഴക്കമുള്ള ഹിന്ദു ക്ഷേത്രം നവീകരിക്കാനുള്ള പദ്ധതിക്ക് അംഗീകാരം. 1817ൽ നിർമിച്ച ക്ഷേത്രം തലസ്ഥാനമായ മനാമയിലാണ് സ്ഥിതിചെയ്യുന്നത്. 20 ലക്ഷം ദീനാറാണ് ക്ഷേത്ര പുനരുദ്ധാരണത്തിന് ചെലവ് പ്രതീക്ഷിക്കുന്നത്. ക്ഷേത്രം സ്ഥിതിചെയ്യുന്ന ഭൂമിക്ക് പ്രത്യേക പദവി നൽകി ഭവന, നഗരാസൂത്രണ മന്ത്രി അംന അൽ റൊമൈഹി ഉത്തരവിറക്കി. സാധാരണ കെട്ടിടം നിർമിക്കുമ്പോൾ പാലിക്കേണ്ട മാനദണ്ഡങ്ങളിൽനിന്ന് ഇനി ക്ഷേത്രത്തിന് ഇളവ് ലഭിക്കും.
ശ്രീകൃഷ്ണ ക്ഷേത്രം സ്ഥിതി ചെയ്യുന്ന ഭൂമിക്ക് റോഡ്, കാർ പാർക്കിങ് നിയന്ത്രണങ്ങൾ ബാധിക്കാത്ത രീതിയിൽ പുതിയ വർഗീകരണം നൽകാൻ ക്യാപിറ്റൽ ട്രസ്റ്റി ബോർഡും ഏകകണ്ഠമായ അംഗീകാരം നൽകിയിരുന്നു. ബ്രിട്ടനിലെ ചാൾസ് രാജാവും കാമില രാജ്ഞിയും 2016 നവംബറിൽ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയ്ക്കൊപ്പം ക്ഷേത്രം സന്ദർശിച്ചിരുന്നു. 2019ൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ക്ഷേത്രത്തിൽ സന്ദർശനം നടത്തിയിട്ടുണ്ട്.
ക്ഷേത്ര പുനരുദ്ധാരണത്തിനുള്ള പദ്ധതികൾ അന്ന് ആസുത്രണം ചെയ്തിരുന്നെങ്കിലും കോവിഡ് വ്യാപനത്തെ തുടർന്ന് നിർത്തിവെക്കുകയായിരുന്നു. ഇന്ത്യ വിഭജനത്തിനുമുമ്പ് സിന്ധ് പ്രവിശ്യയിൽനിന്ന് ബഹ്‌റൈനിലെത്തിയ തട്ടായി ഹിന്ദു സമുദായമാണ് ക്ഷേത്രം സ്ഥാപിച്ചത്. തട്ടായി ഹിന്ദു മർച്ചന്റ്‌സ് കമ്മ്യൂണിറ്റിയും തട്ടായി ഹിന്ദു കമ്മ്യൂണിറ്റിയുമാണ് ക്ഷേത്രത്തിന്റെ നടത്തിപ്പ് ചുമതലകൾ നിർവഹിക്കുന്നത്. രണ്ട് അത്യാധുനിക ഹാളുകൾ, മൂന്ന് ധ്യാനകേന്ദ്രങ്ങൾ, ഓഫീസുകൾ, ഒരു വിജ്ഞാന കേന്ദ്രം, മ്യൂസിയം എന്നിവ അടക്കം മൂന്ന് നിലകളുള്ള ഘടനയായിരിക്കും ക്ഷേത്രത്തിനുണ്ടാകുക.
Adjust Story Font
16