ബഹ്റൈനിൽ സർക്കാർ സ്കൂളുകളിലെ മുഴുവൻ വിദ്യാർഥികൾക്കും 25 ദിനാറിന്‍റെ കൂപ്പൺ
സർക്കാർ സ്കൂളുകളിൽ പഠിക്കുന്ന മുഴുവൻ വിദ്യാർഥികൾക്കും പഠനോപകരണങ്ങൾ വാങ്ങുന്നതിന് 25 ദിനാറിന്‍റെ കൂപ്പൺ നൽകാൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദിന്‍റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗത്തിൽ തീരുമാനിച്ചു.
പുതിയ അധ്യയന വർഷത്തെക്കുറിച്ച് വിശദീകരിക്കാൻ രക്ഷിതാക്കൾക്ക് ആദ്യ അധ്യയന ദിനം പരിചയപ്പെടൽ ദിനമാക്കാനും നിർദേശമുണ്ട്. സ്കൂളുകളിൽ നൽകുന്ന അറിവുകളെക്കുറിച്ചും വിദ്യാഭ്യാസം തുടരുന്നതുമായ ബന്ധപ്പെട്ട കാര്യങ്ങളെ കുറിച്ചും രക്ഷിതാക്കൾക്ക് ശരിയായ ചിത്രം ലഭ്യമാക്കേണ്ടത് അധ്യാപകരുടെ ചുമതലയാണ്.
കോവിഡിന് ശേഷം സ്കൂളിലെത്തുന്ന വിദ്യാർഥികൾക്കാവശ്യമായി വരുന്ന പഠനച്ചെലവ് രക്ഷിതാക്കൾക്ക് ലഘൂകരിക്കുന്നതിന്‍റെ ഭാഗമായി സ്കൂളുകളിൽ നിന്നും നൽകുന്ന ഫയലിന്‍റെ കൂടെ 25 ദിനാറിന്‍റെ കൂപ്പണും നൽകാനാണ് തീരുമാനം.
ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ ഉത്തരവിനെ തുടർന്നാണ് പ്രധാനമന്ത്രി ഇത് പ്രഖ്യാപിച്ചത്. എല്ലാ വിദ്യാർഥികൾക്കും അധ്യാപകർക്കും സ്കൂൾ മാനേജ്മെന്‍റിനും മന്ത്രിസഭ ആശംസകൾ നേർന്നു.
Adjust Story Font
16