ബഹ്റൈനിൽ വാഹന പരിശോധനയ്ക്കായി പുതിയ കേന്ദ്രം സിത്രയിൽ ആരംഭിച്ചു
ശനി മുതൽ വ്യാഴം വരെ ആഴ്ചയിൽ ആറ് ദിവസവും ഇവിടെ പ്രവർത്തനമുണ്ടാകും
വാഹനങ്ങളുടെ വർഷാന്ത സാങ്കേതിക ക്ഷമത പരിശോധനക്കുള്ള കേന്ദ്രം ബഹ്റൈനിലെ സിത്രയിൽ ആരംഭിച്ചു. ട്രാഫിക് വിഭാഗത്തിന്‍റെ അംഗീകാരത്തോടെയാണ് യൂസുഫ് അൽ മുഅയ്യദ് സാങ്കേതിക പരിശോധന കേന്ദ്രം തുടങ്ങിയിട്ടുള്ളത്. ദിനേന 200 വാഹനങ്ങൾക്ക് ഇവിടെ പരിശോധന നടത്താൻ സാധിക്കും.
സ്വകാര്യ മേഖലയുടെ സഹകരണത്തോടെ വാഹനങ്ങളുടെ വർഷാന്ത സാങ്കേതിക ക്ഷമത പരിശോധന വിപുലമാക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു. ഇതിന്‍റെ ഭാഗമായി വിവിധ സ്ഥലങ്ങളിലായി ഏഴ് കേന്ദ്രങ്ങൾ ഇതിനോടകം ആരംഭിച്ചതായി ട്രാഫിക് വിഭാഗം മേധാവി ബ്രിഗേഡിയർ ശൈഖ് അബ്ദുറഹ്മാൻ ബിൻ അബ്ദുൽ വഹാബ് അൽ ഖലീഫ വ്യക്തമാക്കി. വരും ദിവസങ്ങളിൽ കൂടുതൽ പരിശോധന കേന്ദ്രങ്ങൾ സ്വകാര്യ മേഖലയിൽ തുടങ്ങുന്നതിനുള്ള നീക്കമുള്ളതായും അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവിൽ ഈസ ടൗണിലെ ട്രാഫിക് ആസ്ഥാനത്തുള്ള പരിശോധനയും നടക്കുന്നുണ്ട്. സിത്രയിൽ രണ്ടാമത്തെ പരിശോധന കേന്ദ്രമാണ് യൂസുഫ് അൽ മുഅയ്യദ് കമ്പനിയുടെ കീഴിൽ കഴിഞ്ഞ ദിവസം തുറന്നത്. ശനി മുതൽ വ്യാഴം വരെ ആഴ്ചയിൽ ആറ് ദിവസവും ഇവിടെ പ്രവർത്തനമുണ്ടാകും.
സിത്രയിലെ ശൈഖ് ജാബിർ അസ്സബാഹ് റോഡിലാണ് സ്ഥാപനം സ്ഥിതി ചെയ്യുന്നത്. ആവശ്യമായ നിബന്ധനകൾ പൂർത്തീകരിക്കുകയും ജീവനക്കാർക്ക് പരിശീലനം നൽകുകയും ചെയ്ത ശേഷമാണ് സാങ്കേതിക സൗകര്യങ്ങളോടെ കേന്ദ്രം തുറക്കാൻ അനുമതി നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Adjust Story Font
16