ഏഷ്യൻ ഗെയിംസ് നേട്ടം; രാജാവിനെയും കിരീടാവകാശിയെയും അഭിനന്ദനമറിയിച്ച് ശൈഖ് നാസർ
ചൈനയിലെ ഹാങ്ചോയിൽ നടന്ന 19ാമത് ഏഷ്യൻ ഗെയിംസിൽ രാജ്യം ചരിത്രനേട്ടം കൈവരിച്ചതിന്, മാനുഷിക പ്രവർത്തനത്തിനും യുവജനകാര്യത്തിനുമുള്ള രാജാവിന്റെ പ്രതിനിധി ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫ, രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫക്കും കിരീടാവകാശി പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫക്കും അഭിനന്ദനങ്ങൾ അറിയിച്ചു.
45 രാജ്യങ്ങൾ പങ്കെടുത്ത ഗെയിംസിൽ ഒമ്പതാം സ്ഥാനത്തെത്തി രാജ്യം അഭിമാനമായി. ഏഷ്യൻ ഗെയിംസിന്റെ ചരിത്രത്തിൽതന്നെ ഏറ്റവും മികച്ച മെഡൽവേട്ട നടത്തിയാണ് ബഹ്റൈന്റെ മടക്കം. 20 മെഡലുകൾ നേടി ഒമ്പതാമതാണ് ബഹ്റൈൻ. 12 സ്വർണവും മൂന്നു വെള്ളിയും അഞ്ചു വെങ്കലവുമുൾപ്പെടെയാണിത്.
സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്പോർട്സ് ഫസ്റ്റ് ഡെപ്യൂട്ടി ചെയർമാനും ബഹ്‌റൈൻ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റുമായ ശൈഖ് ഖാലിദ് ബിൻ ഹമദ് ആൽ ഖലീഫയെയും അദ്ദേഹം അഭിനന്ദിച്ചു. ചരിത്രപരമായ നേട്ടം കൈവരിക്കാൻ സഹായകരമായത് രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെയും കിരീടാവകാശി പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെയും നിരന്തരമായ പിന്തുണയാണ്.
വിൻഫ്രെഡ് യാവി, കെമി അദികോയ, ബിർഹാനു ബാല്യൂ യെമാത്വ എന്നിവർ അത്‍ലറ്റിക്സിൽ ഇരട്ട സ്വർണം നേടി. 4x400 മീറ്റർ മിക്സഡ് റിലേയിലും വനിതകളുടെ 4x400 മീറ്റർ റിലേ എന്നിവയിലും രാജ്യം സ്വർണമണിഞ്ഞിരുന്നു. ഭാരോദ്വഹനത്തിൽ മിനാസാൻ ഗോർ, പുരുഷന്മാരുടെ ഫ്രീസ്റ്റൈൽ ഗുസ്തിയിൽ തഴുദിനോവ് അഖ്മദ്, വനിതകളുടെ മാരത്തണിൽ ചൂമ്പ യൂനിസ് ചെബിച്ചി പോൾ, വനിതകളുടെ 10,000 മീറ്ററിൽ വയോല ജെപൂച്ച എന്നിവരാണ് രാജ്യത്തിനുവേണ്ടി സ്വർണം നേടിയത്. മെഡലുകൾ നേടിയ ബഹ്‌റൈൻ താരങ്ങളെ നാസർ ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫ അഭിനന്ദിച്ചു.
Adjust Story Font
16