യൂറോപ്യൻ പാർലമെന്റ് റിപ്പോർട്ടിനെതിരെ ബഹ്റൈൻ
യൂറോപ്യൻ പാർലമെന്റിൽ ബഹ്റൈനിലെ മനുഷ്യാവകാശത്തെ സംബന്ധിച്ച റിപ്പോർട്ട് യാഥാർഥ്യങ്ങളുമായി ബന്ധമില്ലാത്തതാണെന്ന് ബഹ്റൈൻ വ്യക്തമാക്കി. മനുഷ്യാവകാശ സംരക്ഷണ മേഖലയിൽ ബഹ്റൈൻ കൈവരിച്ച നേട്ടത്തെ വിവിധ രാജ്യങ്ങളും അന്താരാഷ്ട്ര വേദികളും പ്രശംസിക്കുകയും എടുത്തു പറയുകയും ചെയ്തിട്ടുണ്ട്.
ഖത്തറുമായി ബന്ധപ്പെട്ട് രാജ്യത്ത് കുഴപ്പമുണ്ടാക്കാൻ ശ്രമിച്ച ചില പാർലമെന്റ് അംഗങ്ങൾക്കെതിരെ നടപടി സ്വീകരിച്ചതിനെ കുറിച്ചാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. ബഹ്റൈന്റെ ആഭ്യന്തര കാര്യങ്ങളിലുളള കൈകടത്തലായാണ് യൂറോപ്യൻ പാർലമെന്റ് റിപ്പോർട്ട് പരിഗണിക്കുന്നത്.
ഇത്തരമൊരു നിലപാട് സ്വീകരിക്കുന്നത് അന്താരാഷ്ട്ര മര്യാദകൾക്കും യു.എൻ ചാർട്ടറിനും വിരുദ്ധമാണെന്നും ബഹ്റൈൻ ചൂണ്ടിക്കാട്ടുന്നു. മനുഷ്യാവകാശ മേഖലയിൽ അന്താരാഷ്ട്ര വേദികളുമായി സഹകരിച്ചാണ് ബഹ്റൈൻ മുന്നോട്ടു പോകുന്നത്. റിപ്പോർട്ട് തയാറാക്കുന്നതിന് മുമ്പായി യാഥാർഥ്യങ്ങൾ മനസ്സിലാക്കേണ്ട ചുമതല ബന്ധപ്പെട്ടവർക്കുണ്ടെന്നും വിദേശകാര്യ മന്ത്രാലയം ഇറക്കിയ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടുന്നു.
Adjust Story Font
16