ബഹ്റൈനിൽ പാക്സ്ലോവിഡ് ഉപയോഗത്തിന് അനുമതി
ബഹ്റൈനിൽ 18 വയസ്സിന് മുകളിലുള്ള കോവിഡ് രോഗികൾക്ക് പാക്സ്ലോവിഡ് ഗുളിക ഉപയോഗിക്കുന്നത് നിയമ വിധേയമാക്കിയതായി ബി.ഡി.എഫ് ഹോസ്പിറ്റൽ കൺസൾട്ടന്‍റും കോവിഡ് പ്രതിരോധ മെഡിക്കൽ ടീം അംഗവുമായ ഡോ. മനാഫ് അൽ ഖഹ്താനി വ്യക്തമാക്കി.
ഇതനുസരിച്ച് പാക്സ്ലോവിഡ് മരുന്ന് ചികിത്സക്കായി ഉപയോഗിക്കുന്ന ആദ്യ രാജ്യങ്ങളുടെ പട്ടികയിൽ ബഹ്റൈൻ ഇടം പിടിച്ചു. ശാസ്ത്രീയ പഠനങ്ങൾ പ്രകാരം കോവിഡ് വന്നവർക്ക് അത് ഗുരുതരമാകാതിരിക്കാനും മരണത്തിലേക്ക് നയിക്കാതിരിക്കാനും സാധ്യത നൽകുന്ന ഔഷധമാണിതെന്ന് അദ്ദേഹം വിശദീകരിച്ചു.
രണ്ട് തരം ഔഷധങ്ങളാണ് നിലവിൽ കോവിഡ് പ്രതിരോധത്തിനായി ബഹ്റൈനിൽ ഉപയോഗിക്കുന്നത്. ഇതിലൊന്ന് നിലവിൽ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന സോട്രോവിമാബ് ആണ്. ഇത് ഞരമ്പിലൂടെ രോഗിക്ക് കുത്തിവെക്കുകയാണ് ചെയ്യുന്നത്. ഇത് 12 വയസ്സിന് മുകളിലുള്ള കുട്ടികൾക്കും 40 കിലോയിലധികം തൂക്കമുള്ളവർക്കും ഉപയോഗിക്കാൻ കഴിയും.
ഇപ്പോൾ അനുമതി നൽകിയിട്ടുള്ള പാക്സ്ലോവിഡ് വായിലൂടെ കഴിക്കുന്ന മരുന്നാണെന്നും അദ്ദേഹം വ്യക്തമാക്കി. ജനങ്ങളുടെ സുരക്ഷിതത്വവും ആരോഗ്യവും ശക്തിപ്പെടുത്തുന്നതിന് വിവിധ മാർഗങ്ങൾ സ്വീകരിച്ചു കൊണ്ടിരിക്കുന്നതിന്‍റെ ഭാഗമാണ് പുതിയ മരുന്നുകളുടെ ഉപയോഗ അനുമതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Adjust Story Font
16