മാധ്യമ പ്രവർത്തകർക്ക് അഭിവാദ്യങ്ങൾ നേർന്ന് ബഹ്‌റൈൻ മന്ത്രിസഭ
മാധ്യമ സ്വാതന്ത്ര്യ ദിനാചരണത്തിൻറെ പശ്ചാത്തലത്തിലാണ് മാധ്യമ പ്രവർത്തകർക്ക് കാബിനറ്റ് അഭിവാദ്യമറിയിച്ചത്
രാജ്യത്തെ മുഴുവൻ മാധ്യമ പ്രവർത്തകർക്കും ആശംസകൾ നേർന്ന് ബഹ്‌റൈൻ മന്ത്രിസഭാ യോഗം. മാധ്യമ സ്വാതന്ത്ര്യ ദിനാചരണത്തിൻറെ പശ്ചാത്തലത്തിലാണ് മാധ്യമ പ്രവർത്തകർക്ക് കാബിനറ്റ് അഭിവാദ്യമറിയിച്ചത്.
സ്വതന്ത്ര മാധ്യമ പ്രവർത്തനത്തിന് വലിയ അവസരമാണ് ബഹ്‌റൈൻ നൽകിയിട്ടുള്ളതെന്ന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗം വിലയിരുത്തി. നിയമത്തെ മാനിച്ചുകൊണ്ട് എല്ലാ ജനകീയ പ്രശ്‌നങ്ങളിലും ഇടപെടാനും അധികൃതരുടെ ശ്രദ്ധ ക്ഷണിക്കാനും മാധ്യമപ്രവർത്തകർക്ക് സാധിച്ചിട്ടുണ്ട്. ഏറ്റുമുട്ടലിന് പകരം പരസ്പര സഹകരണത്തിൻറെയും ഒത്തൊരുമയുടെയും സന്ദേശമാണ് ബഹ്‌റൈൻ മാധ്യമ പ്രവർത്തന മേഖലയെ വേറിട്ട് നിർത്തുന്നത്.
പരിസ്ഥിതി വിഷയങ്ങളിൽ കൂടുതൽ താൽപര്യത്തോടെയാണ് ബഹ്‌റൈനിലെ മാധ്യമപ്രവർത്തകർ മുന്നോട്ടു പോകുന്നതെന്നും കാബിനറ്റ് വിലയിരുത്തി. മാധ്യമപ്രവർത്തകരും മാധ്യമ സ്ഥാപനങ്ങളും രാജ്യത്തിന് നൽകിക്കൊണ്ടിരിക്കുന്ന സേവനത്തിനും രാജ്യത്തിൻറെ യശസ്സുയർത്താൻ നടത്തുന്ന ശ്രമങ്ങൾക്കും മന്ത്രിസഭായോഗം പ്രത്യേകം അഭിവാദ്യം നേർന്നു
Adjust Story Font
16