വെൽക്കം ചാമ്പ്യൻസ്; ബഹ്‌റൈൻ ക്രിക്കറ്റ് ടീമിന് ഊഷ്മള സ്വീകരണം
ത്രിരാഷ്ട്ര ടൂർണമെന്റ് വിജയമുൾപ്പെടെ മൂന്ന് കിരീടങ്ങളുമായാണ് ബഹ്‌റൈൻ ടീം തിരിച്ചെത്തിയത്

മനാമ: വിദേശ പര്യടനം കഴിഞ്ഞ് അഭിമാന നേട്ടവുമായി തിരിച്ചെത്തിയ ബഹ്‌റൈൻ ക്രിക്കറ്റ് ടീമിന് വിമാനത്തവളത്തിൽ ഊഷ്മള സ്വീകരണം. വിദേശ പര്യടനങ്ങളിൽ ത്രിരാഷ്ട്ര ടൂർണമെന്റ് വിജയമുൾപ്പെടെ മൂന്ന് കിരീടങ്ങളുമായാണ് ബഹ്‌റൈൻ ടീം തിരിച്ചെത്തിയത്. നാടിന്റെ യശസ് വാനോളമുയർത്തിയ തങ്ങളുടെ പ്രിയപ്പെട്ട താരങ്ങൾക്കും ടീം സ്റ്റാഫിനും ബഹ്‌റൈൻ ക്രിക്കറ്റ് ഫെഡറേഷന്റെ നേതൃത്വത്തിലായിരുന്നു എയർപോർട്ടിൽ സ്വീകരണമൊരുക്കിയത്. ബഹ്‌റൈൻ ക്രിക്കറ്റ് ഫെഡറേഷൻ ചെയർമാൻ മുഹമ്മദ് മൻസൂർ, പ്രസിഡന്റ് സമി അലി തുടങ്ങിയവർ സ്വീകരണ പരിപാടിയിൽ സന്നിഹിതരായിരുന്നു.
ടി20 ലോകകപ്പ് ക്വാളിഫയറിന് ശേഷം നടന്ന വിദേശ പര്യടനങ്ങളിലുടനീളം മികച്ച പ്രകടനമാണ് ബഹ്‌റൈൻ ക്രിക്കറ്റ് ടീം നടത്തിയത്. ആദ്യം വന്ന ഇന്തോനേഷ്യൻ ടി20 സീരീസിൽ 4-1ന് ആതിഥേയരെ തകർത്താണ് ബഹ്‌റൈൻ പരമ്പര നേടിയത്. പിന്നീട് നടന്ന സിംഗപ്പൂർ പര്യടനത്തിൽ 3-0ത്തിന്
സീരീസ് തൂത്തുവാരി. അവസാനമായി മലേഷ്യയിൽ നടന്ന ത്രിരാഷ്ട്ര പരമ്പരയിലും കിരീടനേട്ടം. ഹോങ്കോങ്ങും മലേഷ്യയുമായുമായിരുന്നു എതിരാളികൾ. അജയ്യരായി ഫൈനലിലെത്തിയ ബഹ്‌റൈൻ ഫൈനലിൽ എട്ടു വിക്കറ്റിന് ഹോങ്കോങ്ങിനെ തകർത്ത് കപ്പടിക്കുയായിരുന്നു.
ക്യാപ്റ്റൻ അഹ്‌മർ ബിൻ നാസറിനേയും സംഘത്തേയും പരിശീലകൻ പ്രഭാകറും ടീം മാനേജ്‌മെന്റും പ്രശംസകൾ കൊണ്ട് ചൊരിഞ്ഞു. ബഹ്‌റൈന്റെ വിജയത്തിളക്കത്തിൽ മലയാളി സാന്നിധ്യം ഉണ്ടെന്നതും എടുത്തുപറയേണ്ടതാണ്. മലയാളിയായ 16കാരൻ മുഹമ്മദ് ബാസിൽ പരമ്പരയിൽ ബഹ്‌റൈൻ ടീമിലെ സജീവ സാന്നിധ്യമായിരുന്നു.
Adjust Story Font
16