ഇന്ത്യൻ സ്‌കൂൾ ഫെയർ നാളെ മുതൽ; അവസാനവട്ട ഒരുക്കം സജീവം
പാർക്കിങ് സൗകര്യം നാഷണൽ സ്റ്റേഡിയത്തിൽ
മനാമ: ഇന്ത്യൻ സ്‌കൂൾ രണ്ട് വർഷത്തിന് ശേഷം ഒരുക്കുന്ന വാർഷിക സാംസ്‌കാരിക മേളക്ക് നാളെ തുടക്കമാകും. വ്യാഴം, വെള്ളി ദിവസങ്ങളിൽ വൈകുന്നേരം 6:00 മുതൽ രാത്രി 11:00 വരെയാണ് മേള നടക്കുക. വിദ്യാർഥികളിലെ കലാപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കാനും പ്രമുഖ കലാകാരന്മാരുടെ കലാവിരുന്ന് ആസ്വദിക്കാൻ അവസരമൊരുക്കാനും ലക്ഷ്യമിട്ടാണ് മേളയെന്ന് ഇന്ത്യൻ സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ് പറഞ്ഞു.
ഇന്ത്യൻ സ്‌കൂൾ ഫെയറിനു ആവേശകരമായ പ്രതികരണമാണ് ലഭിക്കുന്നത്. ഫെയറിന്റെ വിജയം ഉറപ്പാക്കാൻ അധ്യാപകരും വിദ്യാർഥികളും രക്ഷിതാക്കളും അഭ്യുദയകാംക്ഷികളും എല്ലാവരും ഒത്തുചേർന്ന് പ്രവർത്തിക്കുകയാണ്. സ്റ്റാളുകൾ സജ്ജീകരിക്കുന്നത് മുതൽ കലാപരിപാടി ഒരുക്കുന്നത്തിനു വരെ അവസാന ഘട്ട പ്രവർത്തനങ്ങൾ നടന്നു വരുന്നു. മികവുറ്റ വിദ്യാഭ്യാസത്തെ പിന്തുണയ്ക്കുന്നതിനും ഐക്യം വളർത്തുന്നതിനും ലക്ഷ്യമിട്ടുള്ള മേളയെ അർത്ഥവത്താക്കാനുള്ള കൂട്ടായ പ്രതിബദ്ധത പ്രശംസനീയമാണെന്ന് അഡ്വ. ബിനു മണ്ണിൽ പറഞ്ഞു.
നാളെ നടനും ഗായകനുമായ വിനീത് ശ്രീനിവാസൻ നയിക്കുന്ന ദക്ഷിണേന്ത്യൻ സംഗീത പരിപാടി നടക്കും. വെള്ളിയാഴ്ച ഗായിക ടിയാ കറിന്റെ നേതൃത്വത്തിൽ ഉത്തരേന്ത്യൻ സംഗീത പരിപാടികൾ അരങ്ങേറും. വിവിധതരം ഗെയിം സ്റ്റാളുകൾ, വിനോദ പരിപാടികൾ, ഭക്ഷണ സ്റ്റാളുകൾ എന്നിവ മേളയിൽ ഉണ്ടായിരിക്കും.
വിദ്യാർഥികൾക്ക് അവരുടെ കലാപരമായ കഴിവുകൾ പ്രകടിപ്പിക്കുന്നതിനും കുടുംബങ്ങൾക്ക് വിനോദത്തിലും സൗഹൃദത്തിലും ഒത്തുചേരുന്നതിനുമുള്ള മികച്ച വേദിയായിരിക്കും ഈ ഫെയർ. സ്‌കൂളിന്റെ അടിസ്ഥാന സൗകര്യ വികസനത്തെ പിന്തുണക്കുന്നതിൽ ഈ പരിപാടി നിർണായക പങ്ക് വഹിക്കുന്നുവെന്ന് സെക്രട്ടറി വി. രാജപാണ്ഡ്യൻ പറഞ്ഞു. രണ്ടു ദിനാറാണ് പ്രവേശന ടിക്കറ്റ് നിരക്ക്. ഏകദേശം 11,900 ൽ അധികം വിദ്യാർഥികളും 650 ഓളം അധ്യാപകരും ജീവനക്കാരുമുള്ള ഇന്ത്യൻ സ്‌കൂൾ മേളക്ക് വൻ ജനാവലി എത്തുമെന്ന് പ്രതീക്ഷിക്കുന്നു.
ജനറൽ കൺവീനർ വിപിൻ കുമാറിന്റെ നേതൃത്വത്തിൽ 501 അംഗ സംഘാടക സമിതി സജീവമായ പ്രവർത്തനം കാഴ്ചവെച്ചു വരുന്നു. ഈ വർഷത്തെ മേളയിൽ പങ്കെടുക്കാനും ഉജ്ജ്വലമായ വിജയമാക്കാനും പ്രിൻസിപ്പൽ വി. ആർ പളനിസ്വാമി അഭ്യർത്ഥിച്ചു.
പാർക്കിങ് സൗകര്യം നാഷണൽ സ്റ്റേഡിയത്തിൽ
ഇന്ത്യൻ സ്‌കൂൾ മേളയിൽ എത്തുന്ന സന്ദർശകരുടെ വാഹന പാർക്കിങ് സൗകര്യം ഒരുക്കിയിരിക്കുന്നത് സ്‌കൂളിന് അടുത്തുള്ള നാഷണൽ സ്റ്റേഡിയത്തിലാണ്. സ്‌കൂളിൽ നിന്ന് നാഷണൽ സ്റ്റേഡിയത്തിലേക്ക് ഷട്ടിൽ ബസ് സൗകര്യം ഉണ്ടായിരിക്കുമെന്ന് സ്‌കൂൾ അധികൃതർ പറഞ്ഞു.
Adjust Story Font
16