യു.എൻ പരിസ്ഥിതി സമ്മേളനത്തിൽ ബഹ്റൈൻ പങ്കാളിയായി
യു.എൻ പരിസ്ഥിതി യോഗത്തിൽ ബഹ്റൈൻ പങ്കാളിയായി. പരിസ്ഥിതി കാര്യ പ്രത്യേക ദൂതനും യു.എൻ പരിസ്ഥിതി ജനറൽ അസംബ്ലി വൈസ് ചെയർമാനും പരിസ്ഥിതി കാര്യ കൗൺസിൽ ചീഫ് എക്സിക്യൂട്ടീവുമായ ഡോ. മുഹമ്മദ് ബിൻ മുബാറക് ബിൻ ദൈനയാണ് ഓൺലൈനിൽ നടന്ന രണ്ടാമത് യു.എൻ പരിസ്ഥിതി കാര്യ യോഗത്തിൽ സംബന്ധിച്ചത്.
മാർച്ച് രണ്ട് വരെ നീണ്ടു നിൽക്കുന്ന സമ്മേളനം 'സുസ്ഥിര വികസനം സാധ്യമാക്കുന്നതിന് പ്രകൃതി സംരക്ഷണ നടപടി ശക്തമാക്കുക' എന്ന പ്രമേയത്തിലാണ് നടക്കുന്നത്. പരിസ്ഥിതി സംരക്ഷണം, കാലാവസ്ഥ മാറ്റം, സുസ്ഥിര വികസനം തുടങ്ങിയ വിഷയങ്ങൾക്ക് മുഖ്യ പരിഗണനയാണ് ബഹ്റൈൻ നൽകുന്നതെന്ന് അദ്ദേഹം സമ്മേളനത്തിൽ വ്യക്തമാക്കി.
പ്രകൃതി സംരക്ഷണവും കാലാവസ്ഥാ വ്യതിയാനവും അടിസ്ഥാനമാക്കിയാണ് വികസന പദ്ധതികൾ ചർച്ച ചെയ്യുന്നത്. ബഹ്റൈൻ ഇക്കണോമിക് വിഷൻ 2030 സുസ്ഥിര വികസന ലക്ഷ്യം നേടുന്നതിന്‍റെ ഭാഗമായി തയാറാക്കിയതാണ്. പരിസ്ഥിതി സംരക്ഷണത്തിലും കാലാവസ്ഥ വ്യതിയാനത്തിലും അന്താരാഷ്ട്ര വേദികളുമായി നിരന്തര സഹകരണമാണ് ബഹ്റൈൻ ഉറപ്പുവരുത്തിയിട്ടുള്ളത്.
പ്ലാസ്റ്റിക് മാലിന്യത്തിൽ നിന്നും പൂർണമായും മുക്തമാകുന്നതിനുള്ള പദ്ധതികൾ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. കൂടാതെ പ്രകൃതിക്ക് ദോഷമുണ്ടാക്കുന്ന വാതകങ്ങളുടെ ബഹിർഗമനം കുറക്കുന്നതിനും നടപടികൾ സ്വീകരിച്ചു വരികയാണ്. കാർബൺ ബഹിർഗമനം പൂജ്യത്തിലെത്തിക്കുന്നതിന്‍റെ ഭാഗമായി ഹരിത പ്രദേശങ്ങൾ വർധിപ്പിക്കുന്ന നീക്കങ്ങളും സജീവമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Adjust Story Font
16