കാർബൺ സ്റ്റീൽ ബാർ ഉൽപന്നങ്ങളുടെ നിരീക്ഷണം ബഹ്‌റൈന്‍ ശക്തമാക്കുന്നു
കാർബൺ സ്റ്റീൽ ബാർ ഉൽപന്നങ്ങളുടെ നിരീക്ഷണം ശക്തമാക്കാൻ ബഹ്‌റൈന്‍ വാണിജ്യ, വ്യവസായ, ടൂറിസം മന്ത്രാലയം തീരുമാനിച്ചു. ഇത് സംബന്ധിച്ച ഇത്തരവ് കഴിഞ്ഞ വർഷം ജനുവരി 28ന് മന്ത്രി സായിദ് ബിൻ റാഷിദ് അൽ സയാനി പുറപ്പെടുവിച്ചിരുന്നു.
ഔദ്യോഗിക ഗസറ്റിൽ ഉത്തരവ് പ്രസിദ്ധീകരിച്ച് ഒരു വർഷവും ഒരു ദിവസവും കഴിഞ്ഞ് നിയമം പ്രാബല്യത്തിൽ വരുമെന്നായിരുന്നു പ്രഖ്യാപനം. കാർബൺ സ്റ്റീൽ ബാറിന്‍റെ ഇറക്കുമതിയും കയറ്റുമതിയും ചെയ്യുന്ന സന്ദർഭത്തിൽ ഇതുമായി ബന്ധപ്പെട്ട നിർദേശവും സുരക്ഷയും സാങ്കേതിക മികവും ഉറപ്പാക്കുന്നതിനാണ് നിർദേശമുള്ളത്. പോർട്ട്ലാന്റ് സിമന്‍റ്, വൈറ്റ് സിമന്‍റ് എന്നിവയുടേതിന് സമാനമായ നടപടികളാണ് കാർബൺ സ്റ്റീൽ ബാറിന്‍റെ വിഷയത്തിലും കൈക്കൊള്ളുക. ഇറക്കുമതി ചെയ്യുന്നവർ ആവശ്യമായ കസ്റ്റംസ് വിശദീകരണങ്ങൾ നൽകേണ്ടതുണ്ട്.
കൂടാതെ പൊതുമരാമത്ത് മന്ത്രാലയത്തിലെ എഞ്ചിീയറിങ് വിഭാഗത്തിൽ നിന്നുളള സർട്ടിഫിക്കറ്റും ഇതിനാവശ്യമാണ്. സ്റ്റീൽ ബാർ ചരക്കുമായി അതിർത്തി കടന്നെത്തുന്ന വാഹനങ്ങളും പരിശോധിക്കും. നിയമം നടപ്പാക്കുന്നത് ഉറപ്പാക്കാൻ പ്രാദേശിക മാർക്കറ്റുകളിലും പരിശോധന നടത്തും. നിർദിഷ്ട സാങ്കേതികത്തികവ് പൂർത്തിയാക്കിയ കാർബൺ സ്റ്റീൽബാറുകൾ മാത്രമാണ് രാജ്യത്ത് കൊണ്ടുവരാനും വിൽക്കാനും അനുവാദമുണ്ടായിരിക്കുകയുള്ളുവെന്നും അധികൃതർ കൂട്ടിച്ചേർത്തു.
Adjust Story Font
16