ബഹ്റൈൻ, സ്വിറ്റ്സർലന്റ് സംയുക്ത രാഷ്ട്രീയ ചർച്ച നടന്നു
അഞ്ചാമത് ബഹ്റൈൻ, സ്വിറ്റ്സർലന്റ് സംയുക്ത രാഷ്ട്രീയ ചർച്ചകൾ സംഘടിപ്പിച്ചു. വിദേശകാര്യ മന്ത്രാലയത്തിലെ രാഷ്ട്രീയ കാര്യ അണ്ടർ സെക്രട്ടറി ഡോ. ശൈഖ് അബ്ദുല്ല ബിൻ അഹ്മദ് അൽ ഖലീഫയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്വിറ്റ്സർലന്റ് വിദേശകാര്യ മന്ത്രാലയത്തിലെ മിഡിലീസ്റ്റ്, ഉത്തരാഫ്രിക്കൻ കാര്യങ്ങൾക്കായുള്ള ഡയരക്ടർ മായാതിസാഫിയുടെ നേതൃത്വത്തിലുള്ള സംഘം സ്വിറ്റ്സർലന്റിനെ പ്രതിനിധീകരിച്ച് പങ്കെടുത്തു.
ദുബൈ എക്സ്പോ 2020 ലെ സ്വിറ്റ്സർലന്റ് പവലിയനിൽ കഴിഞ്ഞ ദിവസമായിരുന്നു സംയുക്ത യോഗം ചേർന്നത്. ബഹ്റൈനും സ്വിസും തമ്മിൽ നിലനിൽക്കുന്ന ബന്ധവും വിവിധ മേഖലകളിലെ സഹകരണവും മെച്ചപ്പെട്ട രീതിയിലാണെന്ന് വിലയിരുത്തി.
ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണക്കരാറുകൾക്കനുസരിച്ച് നടന്നു കൊണ്ടിരിക്കുന്ന പരസ്പര സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള സാധ്യതകളും ആരാഞ്ഞു. ബഹ്റൈനിലെ വിവിധ നിക്ഷേപ സാധ്യതകൾ ഉപയോഗപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ അണ്ടർ സെക്രട്ടറി വിശദീകരിച്ചു. ബഹ്റൈനുമായി കൂടുതൽ മേഖലകളിൽ സഹകരിക്കുന്നതിന് സ്വിസ് ഒരുക്കമാണെന്ന് മായാതിസാഫി വ്യക്തമാക്കി.
Adjust Story Font
16