ബഹ്റൈൻ-തുർക്കി വിദേശകാര്യ മന്ത്രിമാർ സംയുക്ത പത്ര സമ്മേളനം നടത്തി
മനാമ: ബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനിയും തുർക്കി വിദേശകാര്യ മന്ത്രി മെവ്ലൂത് ചാവുസ് ഒഗ്ലുവും സംയുക്ത പത്ര സമ്മേളനം നടത്തി. ഒഗ്ലുവിന്റെ ബഹ്റൈൻ സന്ദർശനത്തോടനുബന്ധിച്ച് ഇരു മന്ത്രിമാരും തമ്മിൽ ചർച്ചകൾക്ക് ശേഷമായിരുന്നു ഇത്.
തുർക്കി വിദേശകാര്യ മന്ത്രിയുടെ ബഹ്റൈൻ സന്ദർശനത്തെ സ്വാഗതം ചെയ്ത സയാനി ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് ആക്കം കൂട്ടാൻ ഇതുപകരിക്കുമെന്ന് പറഞ്ഞു. വിവിധ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം തുടരുന്നതിനും പുതിയ മേഖലകളിൽ സഹകരണത്തിന് തുടക്കമിടുന്നതിനുമുള്ള ചർച്ചകളും നടനന്നു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുമായും ഒഗ്ലു കൂടിക്കാഴ്ച നടത്തിയിരുന്നു.
നിർമാണാത്മകവും ഫലപ്രദവുമായ ചർച്ചകളാണ് നടന്നതെന്നും സയാനി വ്യക്തമാക്കി. സാമ്പത്തിക, വ്യാപാര, സാംസ്കാരിക, ടൂറിസ മേഖലകളിൽ സഹകരണം വ്യാപിപ്പിക്കാനാണ് തീരുമാനം. മേഖല അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന രാഷ്ട്രീയ പ്രശ്നങ്ങളും വെല്ലുവിളികളും നേരിടുന്നതിനുള്ള ആശയങ്ങളും ഇരുപേരും പങ്കുവെച്ചു. മേഖലയുടെ സമാധാനത്തിനവും സ്വസ്ഥതയും സാധ്യമാക്കുന്നതിന് യോജിച്ച പ്രവർത്തനം അനിവാര്യമാണെന്നും ഇരുപേരും പറഞ്ഞു.
സംഘട്ടനങ്ങൾ അവസാനിപ്പിക്കാനും സംവാദാത്മക വഴികൾ തുറക്കാനും സാധിക്കേണ്ടത് അനിവാര്യമാണ്. 2021 നവംബറിൽ ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി സന്ദർശിച്ച കാര്യം ഒഗ്ലു ചൂണ്ടിക്കാട്ടി. തുർക്കിയുടെ പിന്തുണ ബഹ്റൈന് എന്നും ഉണ്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മാർച്ച് മാസം ഇരുരാജ്യങ്ങൾക്കുമിടയിൽ സാമ്പത്തിക സംയുക്ത സമിതി യോഗം സംഘടിപ്പിക്കുന്നതിനുള്ള താൽപര്യവും അദ്ദേഹം മുന്നോട്ടു വെച്ചു. ഇരുരാജ്യങ്ങളിലെയും ആഭ്യന്തര മന്ത്രാലയങ്ങൾ തമ്മിൽ അക്കാദമിക പരിശീലനത്തിനും ധാരണയായിട്ടുണ്ട്.
Adjust Story Font
16