കോവിഡ് കാലത്ത് നിയമിച്ച ആരോഗ്യ പ്രവർത്തകരുടെ കാലാവധി നീട്ടില്ലെന്ന് സൂചന
ബഹ്റൈനിൽ കോവിഡ് കാലത്ത് പ്രത്യേക ഡ്യൂട്ടികൾക്കായി നിയമിച്ച വിദേശികളായ ആരോഗ്യ പ്രവർത്തകരുടെ കരാർ കാലാവധി നീട്ടില്ലെന്ന് സൂചന. ഈ വർഷം അവസാനത്തോടെയാണ് ഇവരുടെ കരാർ കാലാവധി പൂർത്തിയാകുന്നത്. ആരോഗ്യ മന്ത്രി ഫാഇഖ ബിൻത് സഈദ് അസ്സാലിഹാണ് കഴിഞ്ഞദിവസം പാർലമെന്റിൽ ഇതുസംബന്ധിച്ച സൂചന നൽകിയത്.
കോവിഡ് കാലത്തെ അടിയന്തര സാഹചര്യം പരിഗണിച്ചാണ് താൽക്കാലിക അടിസ്ഥാനത്തിൽ വിദേശത്തുനിന്ന് ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടെ ആരോഗ്യ പ്രവർത്തകരെ കൊണ്ടുവന്നതെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. തീവ്രപരിചരണ വിഭാഗത്തിലാണ് ഇവരെ കൂടുതലായും നിയോഗിച്ചത്. കോവിഡ് കേസുകൾ ഉയർന്ന സാഹചര്യത്തിൽ ഇവരുടെ സേവന കാലാവധി നീട്ടിനൽകേണ്ടിവന്നു.
കോവിഡ് ഏതാണ്ട് അവസാനിക്കാറായെന്നാണ് നിലവിലെ കണക്കുകൾ സൂചിപ്പിക്കുന്നത്. അതിനാൽ, വിദേശികളായ ആരോഗ്യ പ്രവർത്തകരുടെ കരാർ കാലാവധി ഇനി നീട്ടിനൽകേണ്ടിവരുമെന്ന് കരുതുന്നില്ലെന്നും മന്ത്രി പറഞ്ഞു. കോവിഡ് പരിചരണ കേന്ദ്രങ്ങളിൽ ബഹ്റൈനികളെ ആരെയും കരാർ അടിസ്ഥാനത്തിൽ നിയമിച്ചിട്ടില്ല.
ഡോക്ടർമാരായും നഴ്സുമാരായും അഡ്മിനിസ്ട്രേറ്റിവ് ജീവനക്കാരായും 2020ൽ 566 സ്വദേശികളെയാണ് ആരോഗ്യ മന്ത്രാലയം നിയമിച്ചത്. കഴിഞ്ഞ വർഷം 330 പേരെയും നിയമിച്ചെന്ന് മന്ത്രി അറിയിച്ചു.
Adjust Story Font
16