ബഹ്‌റൈൻ കിരീടാവകാശി സംഘടിപ്പിച്ച ഇഫ്താർ വിരുന്നിൽ പ്രമുഖർ പങ്കെടുത്തു
റിഫ പാലസിലാണ് ചടങ്ങ് നടന്നത്
മനാമ: ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ സംഘടിപ്പിച്ച ഇഫ്താർ വിരുന്നിൽ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്തു. രാജ്യത്തിന്റെ സർവതോമുഖമായ വളർച്ചക്ക് കാരണമായ നാഷനൽ ആക്ഷൻ ചാർട്ടറും ഹമദ് രാജാവിന്റെ സ്ഥാനാരോഹണവും നിമിത്തമായതായി അദ്ദേഹം പറഞ്ഞു. എല്ലാ മേഖലകളിലും പുരോഗതിയും വളർച്ചയും കൈവരിക്കാൻ ഹമദ് രാജാവിന്റെ ഭരണകാലത്ത് രാജ്യത്തിന് സാധിച്ചിട്ടുണ്ട്. രാജ്യം കൈവരിച്ച നേട്ടങ്ങൾ നിലനിർത്തുന്നതിന് കഠിനശ്രമം വേണ്ടതുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.
റിഫ പാലസിൽ നടന്ന ചടങ്ങിൽ ഈസ ബിൻ സൽമാൻ ഫൗണ്ടേഷൻ ചെയർമാൻ ശൈഖ് ഈസ ബിൻ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ, ശൈഖ് മുഹമ്മദ് ബിൻ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ, മന്ത്രിമാർ, രാജകുടുംബാംഗങ്ങൾ, വിവിധ റമദാൻ മജ്‌ലിസ് സംഘാടകർ, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ സന്നിഹിതരായിരുന്നു. കിരീടാവകാശിക്ക് സദസ്സ് ആശംസകൾ നേരുകയും ചെയ്തു. ജനങ്ങളുമായി കൂടിക്കാഴ്ച നടത്തുകയും ഇടപഴകുകയും അവരുടെ അഭിപ്രായങ്ങൾ ആരായുകയും ചെയ്യുകയെന്നത് പരമ്പരാഗതമായി കാത്തുസൂക്ഷിച്ചു പോരുന്ന കാര്യമാണെന്നും അതിൽ ഏറെ അഭിമാനമുണ്ടെന്നും കിരീടാവകാശി കൂട്ടിച്ചേർത്തു.
Adjust Story Font
16