ഫോർർമുല വൺ ബഹ്റൈൻ ഗ്രാൻഡ് പ്രീ; മത്സരങ്ങൾ നാളെ തുടങ്ങും
കഴിഞ്ഞ വർഷത്തെ കിരീടനഷ്ടത്തിന്റെ വേദന മറക്കാനുള്ള ഒരുക്കത്തിലാണ് ലൂയിസ് ഹാമിൽട്ടനും അദ്ദേഹത്തിന്റെ മെഴ്സിഡസ് ടീമും
കായികപ്രേമികൾ ആവേശത്തോടെ കാത്തിരുന്ന ഫോർമുല വൺ ബഹ്റൈൻ ഗ്രാൻഡ്പ്രീ മത്സരങ്ങൾക്ക് നാളെ തുടക്കമാകും. നിലവിലെ ലോക ചാമ്പ്യൻ മാക്സ് വെസ്റ്റാപ്പനും ഏഴു തവണ ലോക ചാമ്പ്യനായ ലൂയിസ് ഹാമിൽട്ടണും തമ്മിലുള്ള നേർക്കുനേർ പോരാട്ടത്തിനാണ് കാറോട്ടമത്സരത്തിന്റെ ആരാധകർ കാത്തിരിക്കുന്നത്.
കഴിഞ്ഞ സീസണിൽ അബൂദബിയിൽ നടന്ന അവസാന മത്സരത്തിൽ നാടകീയ സംഭവവികാസങ്ങൾക്കൊടുവിലാണ് ഹാമിൽട്ടണിനെ മറികടന്ന് വെസ്റ്റാപ്പൻ ലോക ചാമ്പ്യനായത്. അന്നത്തെ വിവാദ തീരുമാനമെടുത്ത മൈക്കേൽ മാസിയെ റേസ് ഡയറക്ടർ സ്ഥാനത്തുനിന്ന് മാറ്റുകയും പകരം മുഹമ്മദ് ബിൻ സുലായെമിനെ നിയമിക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ വർഷത്തെ കിരീടപ്പോരാളികൾ അന്നു നിർത്തിയ പോരാട്ടം ബഹ്റൈനിൽ പുനരാരംഭിക്കുന്നതിന്റെ ആവേശത്തിലാണ് ആരാധകർ. കഴിഞ്ഞ വർഷത്തെ കിരീടനഷ്ടത്തിന്റെ വേദന മറക്കാനുള്ള ഒരുക്കത്തിലാണ് ലൂയിസ് ഹാമിൽട്ടനും അദ്ദേഹത്തിന്റെ മെഴ്സിഡസ് ടീമും. പുതിയ രൂപത്തിലുള്ള കാറുകൾ, കൂടുതൽ ഭാരവും വലുപ്പവുമുള്ള വീലുകൾ എന്ന സവിശേഷതകളോടെയാണ് ഇത്തവണത്തെ ഫോർമുല വൺ സീസൺ സഖീറിലെ ബഹ്റൈൻ ഇന്റർനാഷനൽ സർക്യൂട്ടിൽ ആരംഭിക്കുന്നത്. മെഴ്സിഡസ്, ആൽപൈൻ, ഹാസ്, റെഡ്ബുൾ, മക്ലാരൻ, ആസ്റ്റൺ മാർട്ടിൻ, ഫെരാരി, ആൽഫാടോറി, ആൽഫ റോമിയോ, വില്യംസ് എന്നിവയാണ് മത്സരത്തിൽ പങ്കെടുക്കുന്ന ടീമുകൾ.
Adjust Story Font
16