ബഹ്‌റൈൻ രാജാവിന്റെ പേരിൽ സമാധാനപരമായ സഹവർത്തിത്വത്തിനുള്ള അന്താരാഷ്ട്ര പുരസ്‌കാരം
കിങ് ഹമദ് അവാർഡ് രണ്ട് വർഷത്തിലൊരിക്കൽ
മനാമ: ബഹ്‌റൈൻ രാജാവിന്റെ പേരിൽ അന്താരാഷ്ട്ര തലത്തിൽ പുതിയ പുരസ്‌കാരം ഏർപ്പെടുത്താൻ തീരുമാനം. സമാധാനപരമായ സഹവർത്തിത്വത്തിനുള്ള കിങ് ഹമദ് അവാർഡ് വ്യക്തികൾക്കും സംഘടനകൾക്കും രണ്ട് വർഷത്തിലൊരിക്കൽ സമ്മാനിക്കും.
വിവിധ മതങ്ങൾക്കും സംസ്‌കാരങ്ങൾക്കുമിടയിലെ സമാധാനപരമായ സഹവർത്തിത്വത്തിനുള്ള പുരസ്‌കാരമാണു പുതുതായി ഏർപ്പെടുത്തുക. ഇത് സംബന്ധിച്ച രാജാവിന്റെ ഉത്തര പ്രകാരം കിങ് ഹമദ് സെൻറർ ഫോർ പീസ്ഫുൾ കോ എക്‌സിസ്റ്റൻസിന്റെ കീഴിൽ അർഹരായ വ്യക്തികൾക്കും സംഘടനകൾക്കും രണ്ട് വർഷത്തിലൊരിക്കൽ അവാർഡ് നൽകും.
സമൂഹത്തിൽ വ്യത്യസ്ത വിഭാഗങ്ങൾക്കിടയിലെ ഐക്യം ഊട്ടിയുറപ്പിക്കാനും വിവിധ മതങ്ങളും സംസ്‌കാരങ്ങളും തമ്മിൽ സഹവർത്തിത്വം വളർത്താനും ലക്ഷ്യമിട്ടാണു കിംഗ് ഹമദ് സെൻറർ പ്രവർത്തിക്കുന്നത്. വിഭിന്ന വീക്ഷണങ്ങൾ വെച്ചുപുലർത്തുന്നവർക്കിടയിൽ സ്‌നേഹപൂർണമായ സംവാദങ്ങളും അതുവഴി സമൂഹത്തിൽ യോജിപ്പും വളർത്താനായി സെൻറർ വിവിധ പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. സമൂഹത്തിലെ വിവിധ വിഭാഗങ്ങൾക്കിടയിൽ ഒരുമയുണ്ടാക്കാൻ ശ്രമിക്കുന്നവരെയാണ് അന്താരാഷ്ട്ര തലത്തിൽ നൽകുന്ന പുരസ്‌കാരത്തിനായി പരിഗണിക്കുക.
Adjust Story Font
16