അന്താരാഷ്ട്ര ഭക്ഷ്യ, കാർഷിക ഫോറത്തിൽ മന്ത്രി ഖലഫ് പങ്കെടുത്തു
‘സുസ്ഥിര ഭൂവിനിയോഗം: ഭക്ഷ്യസുരക്ഷാ തുടക്കം മണ്ണിൽ നിന്നും’ എന്ന പ്രമേയത്തിലായിരുന്നു ഫോറം
അന്താരാഷ്ട്ര ഭക്ഷ്യ, കാർഷിക ഫോറത്തിൽ ബഹ്റൈൻ പൊതുമരാമത്ത്, മുനിസിപ്പൽ, നഗരാസൂത്രണ കാര്യ മന്ത്രി ഇസാം ബിൻ അബ്ദുല്ല ഖലഫ് പങ്കെടുത്തു. ബർലിൻ കേന്ദ്രീകരിച്ച് ഓൺലൈനിൽ സംഘടിപ്പിച്ച ഫോറം 'സുസ്ഥിര ഭൂവിനിയോഗം: ഭക്ഷ്യസുരക്ഷാ തുടക്കം മണ്ണിൽ നിന്നും' എന്ന പ്രമേയത്തിലായിരുന്നു ഫോറം.
വിവിധ രാജ്യങ്ങളിൽ നിന്നുള്ള മന്ത്രിമാരടക്കമുള്ള ഉന്നത പ്രതിനിധി സംഘം പങ്കെടുത്ത ഫോറത്തിൽ കാലാവസ്ഥാ വ്യതിയാനം സംഭവിക്കുന്ന സാഹചര്യത്തിൽ കാർഷിക വ്യവസ്ഥ ഫലപ്രദമായി എങ്ങിനെ നടപ്പാക്കാം എന്നതിനെ കുറിച്ച് വിപുലമായ പഠനങ്ങൾ സമർപ്പിക്കപ്പെട്ടു. മണ്ണിന്‍റെ സ്വാഭാവികതയും ഫലഭൂയിഷ്ഠതയും നിലനിർത്തി മുന്നോട്ടു പോകേണ്ടത് അനിവാര്യമാണെന്നും ഫോറം ചൂണ്ടിക്കാട്ടി.
മണ്ണിന്‍റെ ഫലഭൂയിഷ്ഠതയെ ബാധിക്കുന്ന കീടനാശിനികൾ, രാസവളങ്ങളുടെ അമിതോപയോഗം, മണ്ണിലെ ജൈവ വൈവിധ്യ സംരക്ഷണം, മലിനീകരണത്തോത് കുറക്കൽ, ജല സോതസ്സുകളുടെ സംരക്ഷണം, പോഷക ദായകമായ ഭക്ഷ്യസുരക്ഷ വർധിപ്പിക്കൽ, കാർഷിക ഭൂമിയെ മരുഭൂവൽക്കരണത്തിൽ നിന്നുള്ള സംരക്ഷണം, വരൾച്ച, ഭൂമിയുടെ തകർച്ച എന്നിവയെ സംബന്ധിച്ച ചർച്ചകളും പഠനങ്ങളും അവതരണങ്ങളും നടന്നു.
ഭക്ഷ്യ സുരക്ഷാ സമ്പ്രദായങ്ങളുടെ പരിഷ്കരണത്തിനും അത് സംബന്ധിച്ച അവബോധം ശക്തമാക്കുന്നതിനും ഫോറം ലക്ഷ്യമിടുന്നതായി മന്ത്രി ഖലഫ് വ്യക്തമാക്കി. ജനങ്ങൾക്ക് ഗുണകരമായതും പ്രയോജനകരമായതുമായ പരിഷ്കരണങ്ങൾ നടപ്പിലാക്കുന്നതിലൂടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ നേടാൻ സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാസവള ഉപയോഗം, മണ്ണിന്‍റെ സ്വാഭാവികത വീണ്ടെടുക്കൽ ഇത് സംബന്ധിച്ച കാർഷിക നിയമങ്ങൾ അതാത് രാഷ്ട്രങ്ങളിൽ നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ മന്ത്രാലയങ്ങൾ മേൽനോട്ടം വഹിക്കേണ്ടതുണ്ടെന്നും പ്രസ്തുത ഫോറം അതിനുള്ള കരുത്തായി മാറട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
Adjust Story Font
16