ബഹ്‌റൈനിൽ ആഭ്യന്തര മന്ത്രാലയം ഇ-പാസ്പോർട്ട് ഏർപ്പെടുത്തി
അത്യാധുനിക സുരക്ഷാ ക്രമീകരണങ്ങളും ആധുനിക സാങ്കേതിക സൗകര്യങ്ങളും ഉൾപ്പെടുത്തിയാണ് ഇലക്ട്രോണിക് പാസ്പോർട്ട്
Bahrain launches electronic passports
മനാമ: ബഹ്റൈനിൽ ആഭ്യന്തര മന്ത്രാലയം ഇ-പാസ്പോർട്ട് ഏർപ്പെടുത്തി. അത്യാധുനിക സുരക്ഷാ ക്രമീകരണങ്ങളും ആധുനിക സാങ്കേതിക സൗകര്യങ്ങളും ഉൾപ്പെടുത്തിയാണ് ഇലക്ട്രോണിക് പാസ്പോർട്ട് പുറത്തിറക്കിയത്.
ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ നിർദേശമനുസരിച്ച് ആവിഷ്കരിച്ച ഡിജിറ്റൽവൽക്കരണ പദ്ധതി പ്രകാരമാണ് ഇലക്ട്രോണിക് പാസ്പോർട്ട് പുറത്തിറക്കിയത്. ഇ-പാസ്പോർട്ടിന്റെ ഔദ്യോഗിക ഉദ്ഘാടനച്ചടങ്ങിൽ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാശിദ് അൽ സയാനി, ധനകാര്യ മന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫ, ടെലികോം-ഗതാഗത മന്ത്രി മുഹമ്മദ് ബിൻ ഥാമിർ അൽ കഅ്ബി, പബ്ലിക് സെക്യൂരിറ്റി ചീഫ് മേജർ ജനറൽ താരിഖ് ബിൻ ഹസൻ അൽ ഹസൻ എന്നിവർ പങ്കെടുത്തു.
ഗവർണർമാർ, ആഭ്യന്തര മന്ത്രാലയ അണ്ടർ സെക്രട്ടറിമാർ, ഉയർന്ന ഉദ്യോഗസ്ഥർ എന്നിവരും സന്നിഹിതരായിരുന്നു. മാർച്ച് 20 മുതല്‍ ഇ- പാസ്പോർട്ട് നടപ്പാക്കി തുടങ്ങുന്നതോടെ വിവിധ രാഷ്ട്രങ്ങളിൽ വിസ ഫീസ് ഒഴിവാകുമെന്നാണ് വിലയിരുത്തൽ. ഇലക്ട്രോണിക് പാസ്പോർട്ടിന് 12 ദിനാറാണ് ഫീസ് ഈടാക്കുക. നഷ്ടപ്പെട്ടതിന് പകരമായി പുതിയത് അനുവദിക്കാൻ 50 ദിനാറായിരിക്കും ഫീസ് നിരക്ക്. നശിച്ചു പോയ പാസ്പോർട്ടിന് പകരമുള്ളതിന് 15 ദിനാർ ഈടാക്കുമെന്ന് നാഷണാലിറ്റി, പാസ്പോർട്ട് ആന്‍റ് റെസിഡന്‍റ്സ് അഫയേഴ്സ് അതോറിറ്റി കാര്യ അണ്ടർ സെക്രട്ടറി ശൈഖ് ഹിശാം ബിൻ അബ്ദുറഹ്മാൻ ആൽ ഖലീഫ പറഞ്ഞു.
11 വയസ്സിൽ താഴെയുളളവർക്ക് അഞ്ച് വർഷത്തേക്കും 11ന് മുകളിൽ പ്രായമുളളവർക്ക് 10 വർഷത്തേക്കുമാണ് പാസ്പോർട്ട് അനുവദിക്കുക. പാസ്പോർട്ടിന്‍റെ കാലാവധി കഴിയുന്നതിന് ആറ് മാസം മുന്നേ തന്നെ പുതുക്കാനും അവസരമുണ്ട്. അന്താരാഷ്ട്ര തലത്തിൽ ബഹ്റൈന്‍റെ യശസ് കൂടുതൽ ഉയരാൻ പാസ്പോർട്ടിന്റെ ഡിജിറ്റൽ വൽക്കരണം വഴിയൊരുക്കുമെന്ന് ആഭ്യന്തര മന്ത്രി കേണൽ ജനറൽ ശൈഖ് റാശിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ വ്യക്തമാക്കി.
Adjust Story Font
16