ബഹ്‌റൈൻ എയർപോർട്ട് യാത്രികർക്ക് ടൂറിസ്റ്റ് കേന്ദ്രങ്ങൾ സന്ദർശിക്കാൻ അവസരം
ഗൾഫ് എയർ യാത്രക്കാർക്ക് സൗജന്യ സിറ്റി ടൂർ സൗകര്യം.
ബഹ്റൈൻ വിമാനത്താവളം വഴി സഞ്ചരിക്കുന്ന ഗൾഫ് എയർ യാത്രക്കാർക്ക് രാജ്യത്തെ വിനോദസഞ്ചാര കേന്ദ്രങ്ങൾ കാണാൻ അവസരം. യാത്രക്കാർക്ക് സൗജന്യ സിറ്റി ടൂറിനുള്ള ബുക്കിംഗ് ആരംഭിച്ചു. കണക്ഷൻ ഫ്ലൈറ്റുകൾക്കായി അഞ്ചു മണിക്കൂറിലധികം കാത്തിരിക്കേണ്ടിവരുകയാണെങ്കിൽ യാത്രക്കാർക്ക് ഈ സൗകര്യം ഉപയോഗപ്പെടുത്താൻ സാധിക്കും.
ബഹ് റൈൻ അന്താരാഷ്ട്ര വിമാനത്താവളം വഴി സഞ്ചരിക്കുമ്പോൾ രാജ്യത്തെ കാഴ്ചകൾ വിശദമായി നേരിട്ടു തന്നെ കണ്ടറിയാൻ പല ട്രാൻസിറ്റ് യാത്രക്കാർക്കും സാധിച്ചിരുന്നില്ല. എന്നാൽ കണക്ഷൻ വിമാനങ്ങൾക്ക് വേണ്ടിയുള്ള കാത്തിരിപ്പ് വേളയിൽ ബഹ് റൈനിലെ വിനോദഞ്ചാര കേന്ദ്രങ്ങളിലൂടെ ഒരു പര്യടനം തന്നെ നടത്താൻ യാത്രക്കാർക്ക് അവസരം നൽകുകയാണ് ഗൾഫ് എയറിന്റെ സിറ്റി ടൂർ പദ്ധതി.
ബഹ്‌റൈൻ എയർപോർട്ട് കമ്പനിയുമായും ബഹ്‌റൈൻ ടൂറിസം ആൻഡ് എക്‌സിബിഷൻസ് അതോറിറ്റിയുമായും സഹകരിച്ച് നടപ്പാക്കുന്ന ഈ സൗകര്യം ഗൾഫ് എയർ യാത്രക്കാർക്ക് മാത്രമാണു ഇപ്പോൾ ലഭ്യമാവുക. രാജ്യത്തെ പ്രധാന കേന്ദ്രങ്ങളിലൂടെ കാഴ്ചകൾ ആസ്വദിച്ചുകൊണ്ട് മൂന്നു മണിക്കൂർ ദൈർഘ്യമുള്ള ടൂർ സൗകര്യം യാത്രക്കാർക്ക് സൗജന്യമായി ഒരുക്കും. ദിനേന രാവിലെ ഒമ്പത് മുതൽ ഉച്ച 12 വരെയും വൈകീട്ട് ഏഴു മുതൽ 10 വരെയും രണ്ടു തവണയായാണു പ്രത്യേക വാഹനങ്ങളിൽ ബഹ്റൈനിലൂടെ ട്രാൻസിറ്റ് യാത്രക്കാർക്കായി ടൂർ സൗകര്യം സജ്ജീകരിക്കുന്നത്. ഈ അവസരം ഉപയോഗിക്കാൻ യാത്രക്കാർക്ക് ഗൾഫ് എയർ വെബ്സൈറ്റിലൂടെ മുൻകൂട്ടി ബുക്ക് ചെയ്യാം. ബഹ്റൈനിലെ വിനോദ സഞ്ചാര മേഖലയുടെ വികസനം കൂടി ലക്ഷ്യമിട്ടാണു പദ്ധതി നടപ്പിലാക്കുന്നത്
Adjust Story Font
16