ബഹ്‌റൈനിൽ 2035ഓടെ പുതിയ എയർപോർട്ട് ടെർമിനൽ നിർമിക്കാൻ പദ്ധതി
രാജ്യത്തിന്റെ വടക്കൻ പ്രദേശത്താകും പുതിയ ടെർമിനൽ
മനാമ: ബഹ്‌റൈനിൽ 2035ഓടെ പുതിയ എയർപോർട്ട് ടെർമിനൽ നിർമിക്കാൻ പദ്ധതി. രാജ്യത്തിന്റെ വടക്കൻ പ്രദേശത്താകും പുതിയ ടെർമിനൽ വരിക. മനാമയിൽ നടന്ന റൂട്ട്സ് വേൾഡ് സമ്മേളനത്തിൽ ബഹ്റൈൻ ടെലികോം, ഗതാഗത മന്ത്രി മുഹമ്മദ് ബിൻ ഥാമിർ അൽ കഅ്ബിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
2035ഓടെ പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്ന പുതിയ ടെർമിനലിന് 40 മുതൽ 50 ദശലക്ഷം വരെ വാർഷിക യാത്രക്കാരെ ഉൾക്കൊള്ളാൻ ശേഷിയുണ്ടാകും.
നിലവിൽ മുഹറഖിൽ സ്ഥിതി ചെയ്യുന്ന ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പരമാവധി ശേഷി ഏകദേശം 14 ദശലക്ഷം വാർഷിക യാത്രക്കാരാണ്. 2024 സെപ്റ്റംബറിൽ മാത്രം മൊത്തം 720000 ലധികം യാത്രക്കാർ ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളം വഴി കടന്നുപോയതായി കണക്കുകൾ സൂചിപ്പിക്കുന്നു.
വ്യോമയാനം, ടൂറിസം, ഹോസ്പിറ്റാലിറ്റി, ലോജിസ്റ്റിക്സ് എന്നിവയുൾപ്പെടെയുള്ള മേഖലകളുടെ വികസനത്തിന് രാജ്യം ഇപ്പോൾ വലിയ പ്രാധാന്യം നൽകിവരുകയാണ്. ഇതിന്റെ ഭാഗമായി നടക്കുന്ന വിവിധ പദ്ധതികളുടെ പങ്കാളിത്തത്തിനായി രാജ്യത്തേക്ക് എല്ലാ വർഷവും എത്തുന്ന യാത്രക്കാരുടെ എണ്ണം വർധിച്ചുവരികയാണ്. അതിനാൽ ഭാവി സാധ്യതകൾ കൂടി പരിഗണിച്ചാണ് പുതിയ വിമാനത്താവള ടെർമിനൽ ഉദ്ദേശിക്കുന്നത്. ഗ്രീൻഫീൽഡ് എയർപോർട്ട് പ്രൊജക്ടിന്റെ സാധ്യതാ പഠനം നടത്തുന്നതിന് നെതർലൻഡ്സ് വിമാനത്താവള കൺസൾട്ടന്റ്‌സിന് കരാർ നൽകിയിട്ടുണ്ട്. രാജ്യത്തിന്റെ വടക്കൻ പ്രദേശത്താണ് പുതിയ എയർപോർട്ട് ടെർമിനൽ നിർമിക്കാനുദ്ദേശിക്കുന്നത്.
നിലവിൽ 29 രാജ്യങ്ങളിലെ 56 ഇടങ്ങളിലേക്ക് ബഹ്‌റൈനിൽ നിന്ന് വിമാന സർവീസ് ഉണ്ട്. 2026 ഓടെ ഇത് ലക്ഷ്യസ്ഥാനങ്ങൾ 100 ആയി ഉയർത്തുമെന്ന് ബഹ്‌റൈൻ എയർപോർട്ട് അതോറിറ്റി പറയുന്നു. ആഗോള സർവിസ് ശൃംഖല വിപുലമാക്കുന്നതിന്റെ ഭാഗമായാണ് ഈ നവീകരണം.
Adjust Story Font
16