റമദാനില്‍ ആട്ടിറച്ചിക്ക് ക്രമാതീതമായി വില വര്‍ധിപ്പിച്ചതായി പരാതി
റമദാന്‍ ആരംഭിച്ചതോടെ ബഹ്‌റൈനില്‍ ആട്ടിറച്ചിക്ക് ക്രമാതീതമായി വില വര്‍ധിച്ചതായി പരാതി. അമിത വിലയില്‍ പ്രതിഷേധിച്ച് മനാമ മട്ടന്‍ മാര്‍ക്കറ്റിലെ വ്യാപാരികള്‍ ചൊവ്വാഴ്ച മൊത്ത വിതരണക്കാരില്‍നിന്ന് ഇറച്ചി വാങ്ങുന്നത് ബഹിഷ്‌കരിച്ചിരുന്നു. റമദാന്‍ തുടങ്ങുന്നതിനുമുമ്പ് 2.200 ദിനാറായിരുന്നു ശരാശരി വില. എന്നാല്‍, കഴിഞ്ഞ ദിവസങ്ങളില്‍ ഇത് ക്രമേണ വര്‍ധിച്ച് 2.850 ദിനാര്‍ വരെയെത്തി. അഞ്ചുദിവസത്തിനിടെയാണ് ഈ വര്‍ധനയെന്ന് മാര്‍ക്കറ്റിലെ വ്യാപാരികള്‍ പറഞ്ഞു.
പ്രധാനമായും രണ്ട് മൊത്ത വിതരണക്കാരാണ് മനാമ മട്ടന്‍ മാര്‍ക്കറ്റില്‍ ആട്ടിറച്ചി എത്തിക്കുന്നത്. കെനിയ, താന്‍സനിയ എന്നിവിടങ്ങളില്‍നിന്ന് കൊണ്ടുവരുന്ന ആട്ടിറച്ചിയാണ് ഇവിടെ വില്‍പന നടത്തുന്നത്. വില വര്‍ധിച്ചതോടെ ആവശ്യക്കാര്‍ കുറഞ്ഞതായി വ്യാപാരികള്‍ പറയുന്നു. പുലര്‍ച്ച 2.30ന് മാര്‍ക്കറ്റിലെത്തുന്ന കച്ചവടക്കാര്‍ക്ക് വൈകിട്ട് അഞ്ച് ആയാലും ഇറച്ചി മുഴുവന്‍ വിറ്റുതീര്‍ക്കാര്‍ സാധിക്കുന്നില്ല.
കഴിഞ്ഞ ദിവസം 2.800 ദിനാറിന് മൊത്തക്കച്ചവടക്കാരില്‍നിന്ന് വാങ്ങിയ ഇറച്ചി മൂന്ന് ദിനാറിനാണ് വ്യാപാരികള്‍ വില്‍പന നടത്തിയത്. തുച്ഛമായ ലാഭം മാത്രമാണ് തങ്ങള്‍ക്ക് ലഭിക്കുന്നതെന്ന് ഇവര്‍ പറയുന്നു. കൂടാതെ, ഇറച്ചി പൊതിഞ്ഞുകൊണ്ടുവരുന്ന തുണിയുടെ ഭാരം കുറക്കുമ്പോഴുള്ള നഷ്ടവും വ്യാപാരികള്‍ സഹിക്കണം. 100 കിലോ ഇറച്ചി മൊത്തക്കച്ചവടക്കാരില്‍നിന്ന് വാങ്ങിയാല്‍ 10 കിലോയെങ്കിലും ഇങ്ങനെ കുറയുമെന്ന് വ്യാപാരികള്‍ പറയുന്നു. ചിലപ്പോള്‍ ഭാരം കൂട്ടാന്‍ തുണി കുതിര്‍ത്ത് കൊണ്ടുവരുന്നതും നഷ്ടമുണ്ടാക്കുന്നതായി വ്യാപാരികള്‍ ആരോപിക്കുന്നു.
വില വര്‍ധിച്ച സാഹചര്യത്തില്‍ മറ്റ് മൊത്തക്കച്ചവടക്കാരില്‍നിന്ന് ഇറച്ചി വാങ്ങുന്നതിനെക്കുറിച്ച് വ്യാപാരികള്‍ കൂടിയാലോചന നടത്തുന്നുണ്ട്. ന്യായമായ വിലയില്‍ ഇറച്ചി ലഭ്യമാക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം.
Adjust Story Font
16