ബഹ്‌റൈനില്‍ താമസ നിയമം ലംഘിച്ചവർ പിടിയിൽ
ബഹ്റൈനിലെ താമസ വിസ നിയമം ലംഘിച്ച വിദേശ തൊഴിലാളികൾ പിടിയിലായതായി എൽ.എം.ആർ.എ അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസം മുഹറഖ് ഗവർണറേറ്റ് പരിധിയിൽ നടത്തിയ പരിശോധനയിലാണ് നിയമ ലംഘകരെ പിടികൂടിയത്. നാഷണാലിറ്റി, പാസ്പോർട്ട് ആന്‍റ് റെസിഡന്റ്സ് അഫയേഴ്സ്, മുഹറഖ് പൊലീസ് ഡയറക്ടറേറ്റ് എന്നിവയുടെ സഹകരണത്തോടെ തൊഴിലിടങ്ങളിൽ നടത്തിയ പരിശോധനയിലാണ് എൽ.എം.ആർ.എ നിയമം ലംഘിച്ച ഏതാനും പേർ പിടിയിലായത്.
അനധികൃത വിദേശ തൊഴിലാളികളെ കണ്ടെത്തി നടപടി എടുക്കുന്നതിനുള്ള പരിശോധനകൾ കർശനമായി തുടരുമെന്ന് എൽ.എം.ആർ.എയിലെ ലേബർ ഇൻസ്പെക്ഷൻ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ഹമദ് ഫൈസൽ അൽ മുല്ല വ്യക്തമാക്കി. സാമൂഹിക സുരക്ഷിതത്വം, തൊഴിൽ വിപണിയിലെ നീതി, മൽസരാത്മകത എന്നിവയെ ബാധിക്കുന്നതാണ് അനധികൃത വിദേശ തൊഴിലാളികളുടെ സാന്നിധ്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിവിധ സ്ഥാപനങ്ങളിലും തൊഴിലിടങ്ങളിലും പരിശോധന നടത്തുകയും നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുമെന്ന് എൻ.പി.ആർ അധികൃതരും വ്യക്തമാക്കി. താമസ വിസ നിയമം ലംഘിച്ച് കഴിഞ്ഞു കൂടുന്നവരെ തിരികെ വരാൻ കഴിയാത്ത വിധത്തിൽ നാട് കടത്തുന്നതടക്കമുള്ള നടപടി സ്വീകരിക്കുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
Adjust Story Font
16