റസിഡൻസി, വർക്ക് പെർമിറ്റുകൾ ഇനി ഓൺലൈനായി പുതുക്കാൻ അവസരം
രാജ്യത്തിന് പുറത്തുള്ള പ്രവാസികൾ അതിനായി എത്തേണ്ടതില്ല
ഇനി മുതൽ ബഹ്‌റൈന് പുറത്തുള്ള പ്രവാസികൾക്ക് താമസവും വർക്ക് പെർമിറ്റും ഓൺലൈനായി പുതുക്കാമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ നാഷനാലിറ്റി, പാസ്‌പോർട്ട്, റസിഡൻസ് അഫയേഴ്സ് (എൻ.പി.ആർ.എ) അണ്ടർ സെക്രട്ടറി ശൈഖ് ഹിശാം ബിൻ അബ്ദുറഹ്മാൻ ആൽ ഖലീഫ അറിയിച്ചു.
നിലവിൽ റസിഡൻസി, വർക്ക് പെർമിറ്റുകൾ പുതുക്കണമെങ്കിൽ വിദേശത്തുള്ള പ്രവാസി ബഹ്റൈനിൽ തിരിച്ചെത്തണമായിരുന്നു. ലേബർ മാർക്കറ്റ് റെഗുലർ അതോറിറ്റി (എൽ.എം.ആർ.എ)യുടെ ഏകോപനത്തോടെയാണ് വാണിജ്യ, സർക്കാർ മേഖലകളിൽ ജോലി ചെയ്യുന്ന പ്രവാസികൾ, രജിസ്റ്റർ ചെയ്ത തൊഴിലാളികൾ, വീട്ടുജോലിക്കാർ എന്നിവർക്ക് ഈ സേവനം നൽകുന്നത്.
റസിഡൻസി പെർമിറ്റ് പുതുക്കാൻ ബഹ്‌റൈൻ നാഷനൽ പോർട്ടൽ വഴി സേവനം ലഭിക്കും. വർക്ക് പെർമിറ്റ് എക്സ്പാട്രിയേറ്റ് മാനേജ്മെന്റ് സിസ്റ്റം വഴിയോ എൽ.എം.ആർ.എ ചാനലുകൾ വഴിയോ പുതുക്കാവുന്നതാണ്. സർക്കാറിന്റെയും സ്വകാര്യ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ വികസനവും നവീകരണവും മുന്നോട്ടുകൊണ്ടുപോകുമെന്ന് എൻ.പി.ആർ.എ അണ്ടർ സെക്രട്ടറി പറഞ്ഞു.
എൽ.എം.ആർ.എയും എൻ.പി.ആർ.എയും തമ്മിലുള്ള ശക്തമായ പങ്കാളിത്തത്തെയും സഹകരണത്തെയും എൽ.എം.ആർ.എ സി.ഇ.ഒ നിബ്രാസ് മുഹമ്മദ് താലിബ് അഭിനന്ദിച്ചു. തൊഴിൽ അന്തരീക്ഷം ശക്തിപ്പെടുത്തുന്നതിന് ഈ സഹകരണം സഹായിക്കും. ബഹ്‌റൈനിന് പുറത്തുള്ള ജീവനക്കാരുടെ വർക്ക് പെർമിറ്റുകൾ ഓൺലൈനിൽ, പുതുക്കാൻ ഈ സേവനം വഴി തൊഴിലുടമകൾക്ക് സാധിക്കും.
എന്നാൽ പെർമിറ്റുകളുടെ കാലാവധി തീരുന്നതിന് മുമ്പ് പുതുക്കേണ്ടതുണ്ട്. കാര്യക്ഷമത വർധിപ്പിക്കുന്നതിനും പ്രവാസി തൊഴിലാളികൾക്കായി ബിസിനസ് ഉടമകളുടെയും നിക്ഷേപകരുടെയും ആവശ്യങ്ങൾ നിറവേറ്റുന്നതിനും സഹായകരമായ നടപടിയാണിത്.
എക്സ്പാട്രിയേറ്റ് മാനേജ്മെന്റ് സിസ്റ്റം മുഖേന തൊഴിലുടമക്ക് തൊഴിൽ പെർമിറ്റിന്റെ കാലാവധി തിരഞ്ഞെടുത്ത് വർക്ക് പെർമിറ്റ് പുതുക്കാം. എൽ.എം.ആർ.എ അംഗീകാരമുള്ള ബാങ്കുകൾ വഴി ഫീസ് അടക്കാനും കഴിയും.
Adjust Story Font
16