ബഹ് റൈനിലെ പള്ളികളിലെ നിയന്ത്രണങ്ങൾ പരിമിതപ്പെടുത്തി
രാജ്യത്തെ പള്ളികളിൽ ഏർപ്പെടുത്തിയിരുന്ന കോവിഡ് നിയന്ത്രണങ്ങൾ പരിമിതപ്പെടുത്തുവാൻ തീരുമാനം. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം ചേർന്ന സംയുക്ത സമിതി യോഗത്തിലാണ് തീരുമാനമെടുത്തത്.
നേരത്തെയുള്ളത് പോലെ തന്നെ നമസ്കാരം നിർവഹിക്കാൻ ഇനി മുതൽ സാധിക്കും. പച്ച, മഞ്ഞ ഷീൽഡുള്ളവർക്ക് പള്ളിയിൽ വരാവുന്നതാണ്. സാമൂഹിക അകലം പാലിക്കേണ്ടതില്ല. എന്നാൽ മാസ്ക് നിർബന്ധമായും ധരിച്ചിരിക്കണം. മഞ്ഞ ഷീൽഡുള്ളവർ സ്വന്തമായി നമസ്കാര പടം കൊണ്ടു വരേണ്ടതുണ്ട്. പച്ച ഷീൽഡുള്ളവർക്ക് ഇത് നിർബന്ധമില്ല.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നമസ്കാരത്തിന് ശേഷം ഖുർആൻ പാരായണം ചെയ്യുന്നതിനോ സമയം കഴിച്ചു കൂട്ടുന്നതിനോ വിരോധമില്ല. പള്ളികളുടെ പുറം ഭാഗങ്ങളിൽ പച്ച ഷീൽഡുള്ളവർക്കും മഞ്ഞ ഷീൽഡുള്ളവർക്കുമെല്ലാം നമസ്കാരം നിർവഹിക്കാവുന്നതാണ്. കോവിഡ് പ്രതിരോധ സമിതിയും ഇസ്ലാമിക കാര്യ സുപ്രീം കൗൺസിലും ചർച്ച ചെയ്ത നിർദേശത്തിന് സംയുക്ത സമിതി അംഗീകാരം നൽകുകയായിരുന്നു.
Adjust Story Font
16