ബഹ്‌റൈനില്‍ പ്രത്യേക പരിചരണമാവശ്യമുള്ള കുട്ടികൾക്കായി സ്കൂൾ ഒരുങ്ങുന്നു
ബഹ്‌റൈനില്‍ പ്രത്യേക പരിചരണം ആവശ്യമുള്ള കുട്ടികൾക്കായി സ്കൂൾ നിർമിക്കുന്നു. അവാലിയിൽ നിർമിക്കാനുദ്ദേശിക്കുന്ന സ്കൂളിന്റെ ശിലാസ്ഥാപനം കഴിഞ്ഞ ദിവസം വിദ്യാഭ്യാസ മന്ത്രി മാജിദ് ബിൻ അലി അന്നുഐമി നിർവഹിച്ചു.
രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ ഭരണ കാലത്ത് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ നിർദേശപ്രകാരം പ്രത്യേക പരിചരണമാവശ്യമുള്ള കുട്ടികൾക്ക് പരിഗണനയും ശ്രദ്ധയും കൂടുതൽ നൽകാൻ സാധിച്ചതായി അദ്ദേഹം പറഞ്ഞു. അവാലി നാഷണൽ സ്കൂൾ എന്ന പേരിൽ സ്ഥാപിക്കുന്ന സ്കൂളിൽ 1200 കുട്ടികൾക്ക് പഠിക്കാൻ സാധിക്കും.
ആലിയ നാഷണൽ സ്കൂൾ സ്ഥാപകയും ബഹ്റൈൻ സൊസൈറ്റി ഫോർ ചിൽഡ്രൻ വിത് ഡിഫിക്കൽറ്റി ഇൻ ബിഹേവിയർ ആന്‍റ് കമ്യൂണിക്കേഷൻ ചെയർപേഴ്സനുമായ ഡോ. റാനിയ ബിൻത് അലി ആൽ ഖലീഫയടക്കമുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു ശിലാസ്ഥാപന ചടങ്ങ്.
2006 ൽ സ്ഥാപിതമായ ആലിയ സ്കൂളിനാവശ്യമായ പിന്തുണയും സഹായവും മന്ത്രാലയം നൽകിക്കൊണ്ടിരിക്കുന്നതായി മന്ത്രി വ്യക്തമാക്കി. സമൂഹത്തിൽ അവഗണിക്കപ്പെടാൻ സാധ്യതയുള്ള ഇത്തരം കുട്ടികളെ എല്ലാ മേഖലകളിലും കഴിവുറ്റവരാക്കി വളർത്തിയെടുക്കുകയെന്നത് വെല്ലുവിളിയാണ്. സാധാരണ സ്കൂളുകളിൽ ചേർത്ത് മറ്റുള്ളവരോടൊപ്പം എത്തിക്കുന്നതിനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ഇവർക്ക് കോവിഡ് കാലത്ത് ഓൺലൈനിൽ ക്ലാസ് നൽകുന്നതിനായി പരിശീലനം സിദ്ധിച്ച 28 അധ്യാപകരെ നിജപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
നിലവിൽ ആലിയ സ്കൂളിൽ 450 കുട്ടികളാണ് പഠിക്കുന്നത്. പുതിയ സ്കൂൾ നിലവിൽ വരുന്നതോടെ കൂടുതൽ വിദ്യാർഥികൾക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസവും പരിശീലനവും നൽകാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി കൂട്ടിച്ചേർത്തു.
Adjust Story Font
16