Quantcast

'തണൽ' റിഹാബ് യൂണിവേഴ് സിറ്റി ആരംഭിക്കുന്നു

ഒന്നാംഘട്ട നിർമാണ പ്രവർത്തനം 2025ൽ പൂർത്തീകരിക്കും

MediaOne Logo

Web Desk

  • Published:

    23 Dec 2022 7:28 PM GMT

തണൽ റിഹാബ് യൂണിവേഴ് സിറ്റി ആരംഭിക്കുന്നു
X

റിഹാബ് യൂനിവേഴ്സിറ്റി ആരംഭിക്കാനുള്ള പദ്ധതിയുമായി ജീവകാരുണ്യ പ്രസ്ഥാനമായ തണൽ . സാമൂഹികസേവന രംഗത്ത് പരിശീലനം സിദ്ധിച്ച മനുഷ്യവിഭവശേഷിയുടെ ദൗർലഭ്യം പരിഹരിക്കാൻ ലക്ഷ്യമിടുന്ന പദ്ധതി ആദ്യഘട്ടത്തിൽ കേരള ആരോഗ്യ സർവകലാശാലക്കു കീഴിൽ രജിസ്റ്റർ ചെയ്യുന്ന വിദ്യാഭ്യാസ സ്ഥാപനമായാണു ആരംഭിക്കുക.

റിഹാബ് യൂനിവേഴ്സിറ്റി എന്ന സ്വപ്ന പദ്ധതിക്ക് കീഴിൽ പുനരധിവാസ പ്രവർത്തന രംഗത്ത് വിധ മേഖലകളിലായി സർട്ടിഫിക്കറ്റ്, ഡിപ്ലോമ, ഡിഗ്രി, പി.ജി, പിഎച്ച്.ഡി കോഴ്സുകളാണ് വിഭാവനം ചെയ്യുന്നതെന്ന് തണൽ ചെയർമാൻ ഡോ. ഇദ്‍രീസ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. ക്ലിനിക്കൽ വിങ്, അക്കാദമിക് വിങ്, റിസർച് വിങ് എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായാണ് വിദ്യാഭ്യാസ സ്ഥാപനം പ്രവർത്തിക്കുക. കോഴ്സുകളും ഗവേഷണങ്ങളും മുന്നോട്ടു പോകുന്നതനുസരിച്ച് സ്ഥാപനം ഒരു യൂനിവേഴ്സിറ്റിയായി മാറ്റാനാണ് ആഗ്രഹിക്കുന്നത്.പദ്ധതിക്കായി കോഴിക്കോട് ജില്ലയിൽ 30 ഏക്കർ ഭൂമി കണ്ടെത്തിയിട്ടുണ്ട്.

നാലു മാസംകൊണ്ട് ഭൂമിയുമായി ബന്ധപ്പെട്ട ഇടപാടുകൾ പൂർത്തിയാവുമെന്നാണ് പ്രതീക്ഷയെന്നും ഡോക്ടർ ഇദ് രീസ് പറഞ്ഞു. അഞ്ചു ലക്ഷം ചതുരശ്ര അടിയിലുള്ള ഒന്നാംഘട്ട നിർമാണ പ്രവർത്തനങ്ങൾ 2023ൽ ആരംഭിച്ച് 2025ൽ പൂർത്തീകരിക്കും. 175 കോടി രൂപയാണ് ഒന്നാംഘട്ട പ്രവർത്തനങ്ങൾക്ക് കണക്കാക്കുന്നത്. ജാതി-മതഭേദമന്യേ സമൂഹത്തിലെ സുമനസ്സുകളാണ് ഇതുവരെ 'തണലി'ന്റെ പദ്ധതികൾ നടപ്പിലാക്കാൻ സഹാഹ്യിക്കുന്നതെന്ന് ഡോ. ഇദ്‍രീസ് പറഞ്ഞു. ഈ പദ്ധതിയിലും സമൂഹത്തിലെ നാനാതുറകളിലുള്ളവരുടെ വിപുലമായ സഹകരണമാണു പ്രതീക്ഷിക്കുന്നത്..വിവിധ കാരണങ്ങളാൽ അരികുവത്കരിക്കപ്പെട്ട മനുഷ്യരെ മാന്യമായ ജീവിത സാഹചര്യങ്ങളിലേക്ക് നയിക്കുക എന്നതാണ് 'തണൽ' ലക്ഷ്യമിടുന്നത്.

2008ൽ വടകരയിൽ ദയ റിഹാബിലിറ്റേഷൻ ട്രസ്റ്റിന്റെ കീഴിലാണ് 'തണൽ' ആരംഭിച്ചത്.14 വർഷം പൂർത്തിയാക്കുമ്പോൾ രാജ്യത്തെ 12 സംസ്ഥാനങ്ങളിൽ, 214 കേന്ദ്രങ്ങളിലായി പ്രതിദിനം 75,000ത്തിലധികം മനുഷ്യജീവിതങ്ങളെ നേരിട്ട് സ്വാധീനിക്കുന്ന പ്രസ്ഥാനമായി മാറാൻ 'തണലി'നു കഴിഞ്ഞിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന 65 ഡയാലിസിസ് സെന്ററുകളിലൂടെ ലോകത്തിലെതന്നെ ഏറ്റവും വലിയ ചാരിറ്റി ഡയാലിസിസ് നെറ്റ്‍വർക്ക് രൂപവത്കരിക്കാനും 'തണലി'ന് സാധിച്ചതായി അദ്ദേഹം പറഞ്ഞു. 2030ഓടെ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും വേരുകളുള്ളതും ദിനംപ്രതി 10 ലക്ഷം ജീവിതങ്ങളെ നേരിട്ട് ബന്ധപ്പെടുന്നതുമായ ഒരു സാമൂഹിക പ്രസ്ഥാനമായി മാറാനാണ് 'തണൽ' ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വാർത്തസമ്മേളനത്തിൽ തണൽ ബഹ്റൈൻ ആക്ടിങ് ചെയർമാൻ ഇബ്രാഹിം ഹസൻ പുറക്കാട്ടിരി, ട്രഷററും പ്രോഗ്രാം കമ്മിറ്റി ചെയർമാനുമായ നജീബ് കടലായി, വൈസ് പ്രസിഡന്റ് ശ്രീജിത്ത് കണ്ണൂർ, ആക്ടിങ് സെക്രട്ടറി ലത്തീഫ് കൊയിലാണ്ടി, പ്രോഗ്രാം കമ്മിറ്റി കൺവീനർമാരായ റഫീക്ക് അബ്ദുല്ല, മുജീബ് റഹ്മാൻ, രക്ഷാധികാരികളായ അബ്ദുൽ മജീദ് തെരുവത്ത്, റസാഖ് മൂഴിക്കൽ എന്നിവർ പങ്കെടുത്തു.

TAGS :

Next Story