വേതന സംരക്ഷണ വ്യവസ്ഥ തൊഴിൽ അന്തരീക്ഷം മെച്ചപ്പെടുത്തും: ബഹ്‌റൈന്‍ തൊഴിൽ മന്ത്രി
വേതന സംരക്ഷണ സംവിധാനത്തോടുള്ള തൊഴിലുടമകൾ പ്രതിബദ്ധത പുലർത്തിയാൽ തൊഴിൽ അന്തരീക്ഷ സുസ്ഥിരത സാധ്യമാകുമെന്നും തൊഴിൽ തർക്കങ്ങൾ കുറയുകയും ചെയ്യുമെന്ന് ബഹ്‌റൈന്‍ തൊഴിൽ, സാമൂഹിക ക്ഷേമ കാര്യ മന്ത്രി ജമീൽ ബിൻ മുഹമ്മദ് അലി ഹുമൈദാൻ വ്യക്തമാക്കി.
ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് സേവനങ്ങൾ ഓൺലൈനാക്കുന്നത് വഴി സമയം ലാഭിക്കാനും സുതാര്യത ഉറപ്പാക്കാനും സാധിക്കും. ഇതിനായി അതോറിറ്റി നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങളെ അദ്ദേഹം പ്രത്യേകം ശ്ലാഘിച്ചു. സർക്കാർ മുന്നോട്ടു വെച്ചിട്ടുള്ള ഭാവി പദ്ധതികളുടെ അടിസ്ഥാനത്തിൽ പ്രവർത്തനങ്ങൾ ശക്തമാക്കാൻ അദ്ദേഹം നിർദേശിച്ചു.
സാമ്പത്തിക ഉത്തേജന പാക്കേജ് രാജ്യത്തിന്‍റെ സാമ്പത്തിക, തൊഴിൽ മേഖലക്ക് വലിയ പുരോഗതിയുണ്ടാകുമെന്നാണ് കരുതുന്നത്. കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും തദ്ദേശീയ തൊഴിൽ ശക്തിയെ അർഹമായ തൊഴിലിടങ്ങളിൽ വിന്യസിക്കാനും സാധിക്കും. ഇക്കണോമിക് വിഷൻ 2030ന്‍റെ ലക്ഷ്യങ്ങൾ നേടുന്നതിനും സുസ്ഥിര വികസനം സാധ്യമാക്കുന്നതിനുമുള്ള കടമ്പകൾ പൂർത്തീകരിക്കേണ്ടതുണ്ട്. വേതന സംരക്ഷണ പദ്ധതിയുടെ പുരോഗതി മന്ത്രി വിലയിരുത്തി.
മൂന്ന് ഘട്ടങ്ങളിലായി നടപ്പാക്കുന്ന പദ്ധതി തൊഴിലാളികൾക്കും തൊഴിലുടമകൾക്കും ഏറെ പ്രയോജനകരമായിരിക്കും. തൊഴിലാളികളിൽ നിന്നുമുണ്ടാകുന്ന തർക്കങ്ങൾക്കും പലവിധത്തിലുള്ള പരാതികൾക്കും ഇത് ഒരു പരിധി വരെ സഹായകമാവുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഗാർഹിക തൊഴിലാളികൾക്ക് ഓപ്ഷണൽ ഇൻഷുറൻസ് സമ്പ്രദായം നടപ്പാക്കുന്നതിന്‍റെ സാധ്യതകളും അദ്ദേഹം ആരാഞ്ഞു. തൊഴിലാളിക്കും തൊഴിലുടമക്കും ഒരേ പോലെ സംരക്ഷണം ലഭിക്കുന്ന ഒന്നാണിതെന്നും അദ്ദേഹം വിലയിരുത്തി.
തൊഴിലുടമകളുടെ അവകാശം സംരക്ഷിക്കുന്ന തരത്തിലുള്ള പ്രത്യേകതകൾ കൂട്ടിച്ചേർക്കുന്നതിനുള്ള പഠനം നടത്താനും നിർദേശിച്ചു. വേതന സംരക്ഷണ പദ്ധതിയുടെ മൂന്നാം ഘട്ടം ജനുവരി മുതൽ നടപ്പാക്കി തുടങ്ങിയത് നേട്ടമാണ്. മൂന്നാം ഘട്ടത്തിൽ 98 ശതമാനം തൊഴിലാളികൾ ഇതിന്‍റെ പരിധിയിൽ വരുമെന്നതും ആശ്വാസകരമാണ്. എൽ.എം.ആർ.എയുടെ പ്രവർത്തനങ്ങളെക്കുറിച്ചും നേടിയ പുരോഗതിയെക്കുറിച്ചും സി.ഇ.ഒ ജമാൽ അബ്ദുൽ അസീസ് അൽ അലവി വിശദീകരിച്ചു.
Adjust Story Font
16