യു.എ.ഇ ആരോഗ്യമേഖലയിൽ കുതിപ്പ്; 2030 ഓടെ 33,000 തൊഴിലവസരം രൂപപ്പെടും
വർധിച്ച് വരുന്ന ജനസംഖ്യ, മെഡിക്കൽ ടൂറിസം, ജീവിത ശൈലി രോഗങ്ങളുടെ വ്യാപ്തി എന്നിവ ആരോഗ്യ പ്രവർത്തകരുടെ ആവശ്യകത വർധിപ്പിക്കുകയാണ്
ദുബൈ: 2030ഓടെ യു.എ.ഇ ആരോഗ്യ മേഖലയിൽ 33,000 തൊഴിലവസരം കൂടി രൂപപ്പെടും. കോളിയേഴ്സ് ഹെൽത്ത്കെയർ ആൻഡ് എജുക്കേഷൻ പുറത്തിറങ്ങിയ റിപ്പോർട്ടിലാണ് ഈ സൂചന . വർധിച്ച് വരുന്ന ജനസംഖ്യ, മെഡിക്കൽ ടൂറിസം, ജീവിത ശൈലി രോഗങ്ങളുടെ വ്യാപ്തി എന്നിവ ആരോഗ്യ പ്രവർത്തകരുടെ ആവശ്യകത വർധിപ്പിക്കുകയാണ്.
അബൂദബിയിൽ മാത്രം 11,000 നഴ്സുമാരുടെയും 5000 പ്രൊഫഷനലുകളുടെയും ആവശ്യകത ഉണ്ടാകും. ദുബൈയിൽ 6000 ഫിസിഷ്യൻമാരുടെയും 11,000 നഴ്സുമാരുടെയും ഒഴിവുകൾ ഉണ്ടാകും. കോവിഡാനന്തരം ഗൾഫ് മേഖലയിൽ ആരോഗ്യ പ്രവർത്തകരുടെ ആവശ്യകതയിൽ വർധനയുണ്ട്. നഴ്സുമാർക്കാണ് കൂടുതൽ ഡിമാൻറ്. ആധുനിക സാങ്കേതിക വിദ്യയുടെ കടന്നുവരവും ആരോഗ്യ ജീവനക്കാരുടെ ആവശ്യകത വർധിപ്പിച്ചു. നിർമിത ബുദ്ധി, റോബോട്ടിക്സ്, ഡാറ്റാ അനലിറ്റിക്സ് തുടങ്ങിയവ വ്യാപകമാകുന്നുണ്ടെങ്കിലും ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് കൂടുതൽ ആരോഗ്യ ജീവനക്കാർ വേണം. .
യു.എ.ഇയിലെ 157 ആശുപത്രികളിൽ 104 എണ്ണവും സ്വകാര്യ മേഖലയിലാണ്. ആശുപത്രികളിൽ ആകെയുള്ള 18,000 ബെഡുകളിൽ 8356 എണ്ണവും സ്വകാര്യ ആശുപത്രിയിലാണ്. 26,736 ഫിസിഷ്യൻമാരാണ്യു.എ.ഇയിലുള്ളത്. ഇതിൽ 10,376 പേർ ദുബൈയിലും 10141 പേർ അബൂദബിയിലും 5358 പേർ വടക്കൻ എമിറേറ്റുകളിലുമാണ് ജോലി ചെയ്യുന്നത്. മറ്റ് ജി.സി.സി രാജ്യങ്ങളെ അപേക്ഷിച്ച് നഴ്സുമാരുടെ എണ്ണത്തിൽ യു.എ.ഇ മുൻപിലാണ്. ദുബൈയിൽ ജനറൽ മെഡിസിൻ, ജനറൽ സർജറി, പീഡിയാട്രിക്സ്, കാർഡിയോളജി, നെഫ്രോളജി തുടങ്ങിയ ഡോക്ടർമാർക്കാണ് കൂടുതൽ ഡിമാൻറ്.
Adjust Story Font
16