ഗൾഫിലെ കോവിഡ് മരണത്തിന്‍റെ കണക്കെടുപ്പ്: തണുത്ത നിലപാടുമായി കേന്ദ്ര സര്‍ക്കാര്‍
യു.എ.ഇ ഉൾപ്പെടെ ഗൾഫ് നാടുകളിൽ നൂറുകണക്കിന് മലയാളികളാണ് കോവിഡ് ബാധിച്ചു മരിച്ചത്. ഇവരിൽ പലരുടെയും കുടുംബം ദുരിതപൂർണമായ അവസ്ഥയിലാണ്.
ഗൾഫിൽ കോവിഡ് ബാധിച്ചു മരിച്ച മലയാളികളുടെ കുടുംബത്തെ പട്ടികയിൽ ഉൾപ്പെടുത്താനുള്ള നീക്കം മന്ദഗതിയിൽ. വിവരശേഖരണം ഉൾപ്പെടെ ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ഇനിയും ആരംഭിച്ചിട്ടില്ല. കേന്ദ്ര, സംസ്ഥാന സർക്കാറുകൾ ഇക്കാര്യത്തിൽ യോജിച്ച നടപടികൾ കൈക്കൊള്ളണമെന്ന്പ്രവാസി കൂട്ടായ്മകൾ ആവശ്യപ്പെട്ടു.
കോവിഡ് ബാധിച്ചു മരണപ്പെട്ട ഇന്ത്യക്കാരുടെ കുടുംബങ്ങൾക്ക് അർഹമായ സഹായധനം അനുവദിക്കണമെന്ന് സുപ്രീം കോടതി നിർദേശിച്ചിരുന്നു. യു.എ.ഇ ഉൾപ്പെടെ ഗൾഫ് നാടുകളിൽ നൂറുകണക്കിന് മലയാളികളാണ് കോവിഡ് ബാധിച്ചു മരിച്ചത്. ഇവരിൽ പലരുടെയും കുടുംബം ദുരിതപൂർണമായ അവസ്ഥയിലാണ്.
ഗൾഫ് ഉൾപ്പെടെ വിദേശ രാജ്യങ്ങളിൽ കോവിഡ് മൂലം മരിച്ചവരുടെ പേരുകൾ പട്ടികയിൽ ഉൾപ്പെടുത്തിയെങ്കിൽ മാത്രമേ കുടുംബത്തിന് സഹായധനം ലഭിക്കൂ. ഇക്കാര്യത്തിൽ കേന്ദ്രവുമായി വിഷയം ചർച്ച ചെയ്യമെന്ന് മുഖ്യമന്ത്രി അറിയിച്ചതാണ്. എന്നാൽ ഗൾഫിൽ മരണപ്പെട്ടവരുടെ പേരുകൾ സമാഹരിക്കാനുള്ള യാതൊരു നീക്കവും ആരംഭിച്ചിട്ടില്ല. ഇക്കാര്യത്തിൽ അടിയന്തര ഇടപെടൽ വേണമെന്നാണ് പ്രവാസി കൂട്ടായ്മകളുടെ ആവശ്യം.
ഗൾഫിലെ സന്നദ്ധ സംഘടനകളുടെ സഹായം ഉറപ്പാക്കി കോവിഡ് ബാധിത മരണങ്ങളുടെ യഥാർഥ കണക്കെടുപ്പ് ഉടൻ നടത്തണമെന്ന നിർദേശമാണ് പ്രവാസികൾ ഉന്നയിക്കുന്നത്. അതിനിടെ, കോവിഡ് ബാധിച്ചു മരിച്ച പ്രവാസി ഇന്ത്യക്കാരുടെ കുടുംബങ്ങള്‍ക്കും നഷ്ടപരിഹാരം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് യു.എ.ഇ കെ.എം.സി.സി ഭാരവാഹികള്‍ ദുബൈ ഇന്ത്യന്‍ കോണ്‍സുൽ ജനറലിന് നിവേദനം കൈമാറി. യു.എ.ഇ കെ.എം.സി.സി പ്രസിഡന്‍റ് പുത്തൂര്‍ റഹ്മാന്‍, ഉപദേശക സമിതി ചെയര്‍മാന്‍ ശംസുദ്ദീന്‍ ബിന്‍ മുഹ്യുദ്ദീന്‍, ജനറല്‍ സെക്രട്ടറി അന്‍വര്‍ നഹ എന്നിവരാണ് കോണ്‍സുൽ ജനറലിനെ കണ്ടത്.
Adjust Story Font
16