ഗാർഹിക തൊഴിലാളികളുടെ സ്‌പോൺസർഷിപ് മാറ്റം; ഓൺലൈൻ സേവനം ആരംഭിച്ചു
ഹുറൂബ് കേസിലകപ്പെട്ട തൊഴിലാളികൾക്ക് ഇലക്ട്രോണിക് സംവിധാനത്തിലൂടെ സ്പോണ്‍സർഷിപ് മാറാനാകില്ല
ജിദ്ദ: ഹൗസ് ഡ്രൈവർമാരുൾപ്പെടെയുള്ള ഗാർഹിക തൊഴിലാളികളുടെ സ്‌പോൺസർഷിപ് ഇലക്ട്രോണിക് സംവിധാനം വഴി മാറ്റുന്നതിനുള്ള വ്യവസ്ഥകൾ പാസ്‌പോർട്ട് വിഭാഗം വ്യക്തമാക്കി. സ്വദേശി പൗരന്മാർക്ക് അബ്ഷിർ' പ്ലാറ്റ്ഫോം വഴി തങ്ങളുടെ കീഴിലുള്ള ഗാർഹിക തൊഴിലാളികളുടെ സ്‌പോണ്‌സർഷിപ്പ് മാറുന്നതിനുള്ള നടപടിക്രമങ്ങളാണ് ജവാസാത്ത് വിശദീകരിച്ചത്.
സ്‌പോണ്‌സർഷിപ്പ് മാറ്റത്തിനുള്ള ഫീസ് അടച്ച ശേഷം, നിലവിലെ തൊഴിലുടമക്ക് 'അബ്ഷിർ' വഴി സ്‌പോൺസർഷിപ് കൈമാറാനുള്ള നടപടി ആരംഭിക്കാം. തുടർന്ന് ഏഴു ദിവസത്തിനുള്ളിൽ അത് പുതിയ തൊഴിലുടമയും തൊഴിലാളിയും അംഗീകരിച്ചതായി അറിയിക്കണം. എന്നാൽ ഇതിന് പുതിയ തൊഴിലുടമക്കും തൊഴിലാളിക്കും ട്രാഫിക് നിയമലംഘനത്തിനുള്ള പിഴയുണ്ടായിരിക്കാൻ പാടില്ല. കൂടാതെ സ്‌പോൺസർഷിപ് മാറ്റുന്ന സമയത്ത് തൊഴിലാളിയുടെ ഇഖാമയിൽ കുറഞ്ഞത് 15 ദിവസമെങ്കിലും കാലാവധിയുണ്ടായിരിക്കേണ്ടതാണ്.
ഹൂറൂബ് കേസിലകപ്പെട്ട തൊഴിലാളികളുടെ സ്‌പോണ്‌സർഷിപ്പ് ഈ വിധം ഓണ്‌ലൈനായി മാറാൻ സാധിക്കില്ല. മാത്രവുമല്ല പരമാവധി നാല് തവണ മാത്രമേ ഈ രീതിയിൽ സ്‌പോൺസർഷിപ് മാറാൻ അനുവാദമുള്ളൂവെന്നും ജവാസാത്ത് അറിയിച്ചു.
Adjust Story Font
16