ഖത്തറിൽ കോവിഡ് നിയന്ത്രണങ്ങൾ നീക്കുന്നതിന്റെ രണ്ടാംഘട്ടം നാളെ മുതൽ
സർക്കാർ, സ്വകാര്യ ഓഫീസുകളിലെ ഹാജർനില 80 ശതമാനമായി കൂട്ടാമെന്നതാണ് പ്രധാന ഇളവ്. ഷോപ്പിങ് സെന്ററുകൾ, മാളുകൾ എന്നിവയിൽ കുട്ടികൾക്ക് പ്രവേശനം നൽകാനും അനുമതിയുണ്ട്
ഖത്തറിൽ കോവിഡ് നിയന്ത്രണങ്ങൾ നീക്കുന്നതിന്റെ രണ്ടാംഘട്ടം നാളെ മുതൽ നിലവിൽ വരും. സർക്കാർ, സ്വകാര്യ ഓഫീസുകളിലെ ഹാജർനില 80 ശതമാനമായി കൂട്ടാമെന്നതാണ് പ്രധാന ഇളവ്. ഷോപ്പിങ് സെന്ററുകൾ, മാളുകൾ എന്നിവയിൽ കുട്ടികൾക്ക് പ്രവേശനം നൽകാനും അനുമതിയുണ്ട്.
ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗമാണ് കോവിഡ് നിയന്ത്രണങ്ങൾ നീക്കുന്നതിന്റെ രണ്ടാംഘട്ടം നാളെ മുതൽ നടപ്പാക്കാൻ തീരുമാനിച്ചത്. ഇതനുസരിച്ച് പ്രാബല്യത്തിൽ വരുന്ന പ്രധാന ഇളവുകൾ ഇനി പറയുന്നവയാണ്: സർക്കാർ, സ്വകാര്യ ഓഫീസുകളിൽ എൺപത് ശതമാനം ജീവനക്കാർക്കും നേരിട്ടെത്തി ജോലി ചെയ്യാം. ബാക്കി ഇരുപത് ശതമാനം മാത്രം വീട്ടിലിരുന്ന് ജോലി ചെയ്താൽ മതി. ഷോപ്പിങ് സെന്ററുകൾ, മാളുകൾ, പരമ്പരാഗത മാർക്കറ്റുകൾ, സൂഖുകൾ എന്നിവയുടെ പ്രവർത്തന ശേഷി അമ്പത് ശതമാനമായി വർധിപ്പിച്ചു. 12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ഇവിടങ്ങളിലേക്ക് പ്രവേശനം അനുവദിക്കും.
ഷോപ്പിങ് സെന്ററുകളിലെ ഭക്ഷ്യവിൽപ്പന കേന്ദ്രങ്ങൾ, പ്രാർത്ഥനാ മുറികൾ, ടോയ്‌ലെറ്റുകൾ തുടങ്ങിയവ 30% ശേഷിയോടെ തുറക്കാം. മ്യൂസിയം, ലൈബ്രറികൾ തുടങ്ങിയവയുടെ പ്രവർത്തനശേഷിയും 50% ശേഷിയായി കൂട്ടാം. സ്വകാര്യ ആരോഗ്യപരിചരണ കേന്ദ്രങ്ങൾ, ക്ലിനിക്കുകൾ എന്നിവയ്ക്ക് 80% ശേഷിയിൽ രോഗികളെ പ്രവേശിപ്പിക്കാം. 40 പേരെ വെച്ച് വിവാഹചടങ്ങുകൾക്കും അനുമതിയുണ്ട്. എന്നാൽ 75 % പേർ വാക്‌സിനെടുത്തവരാകണം.
നേരത്തെ പ്രഖ്യാപിച്ച ഇളവുകൾക്ക് പുറമെയാണ് പുതിയവ പ്രാബല്യത്തിൽവരുന്നത്. അതേസമയം വാക്‌സിനെടുക്കാത്ത തൊഴിലാളികൾ എല്ലാ ആഴ്ച്ചയിലും ആന്റിജൻ ടെസ്റ്റ് നടത്തി കോവിഡ് നെഗറ്റീവാണെന്ന് തെളിയിക്കണമെന്ന നിബന്ധനയും നാളെ മുതൽ നിലവിൽ വരും.
Adjust Story Font
16