Quantcast

ഹജ്ജിലെ സുപ്രധാന ചടങ്ങായ അറഫാ സംഗമം ഇന്ന്; പ്രാർഥനകളുമായി ഹാജിമാർ പുണ്യനഗരിയിൽ

150ലേറെ രാജ്യങ്ങളെ പ്രതിനിധീകരിച്ച് 20 ലക്ഷത്തിലേറെ ഹാജിമാർ അറഫയിൽ സംഗമിക്കും

MediaOne Logo

Web Desk

  • Published:

    27 Jun 2023 1:03 AM GMT

Day of Arafat,Muslims not performing Hajj,hajj2023,hajj update hajj 2023 news,hajj live 2023,live hajj 2023, അറഫാ സംഗമം ഇന്ന്
X

മക്ക: ഹജ്ജിലെ സുപ്രധാന ചടങ്ങായ അറഫാ സംഗമം ഇന്ന് നടക്കും. ചൊവ്വാഴ്ച രാവിലെ മുതൽ ഹാജിമാർ അറഫയിലേക്ക് എത്തുകയാണ്. മസ്ജിദു നമിറയിൽ നടക്കുന്ന പ്രഭാഷണത്തോടെയാണ് അറഫാ സംഗമത്തിന് തുടക്കമാവുക. 150ലേറെ രാജ്യങ്ങളെ പ്രതിനിധീകരിച്ച് 20 ലക്ഷത്തിലേറെ ഹാജിമാർ അറഫയിൽ സംഗമിക്കും.

32,000 ബസുകളിലാണ് ഹാജിമാർ അറഫയിലേക്ക് നീങ്ങുക. അറഫാ സംഗമത്തിലെത്താത്തവർക്ക് ഹജ്ജിന്റെ പുണ്യം ലഭിക്കില്ല. ഇതിനാൽ ഓരോരുത്തരേയും കൃത്യസമയത്തെത്തിക്കാൻ ബസുകൾക്ക് സമയക്രമീകരണം നൽകിയിട്ടുണ്ട്. പ്രവാചകൻ മുഹമ്മദ് നബിയുടെ വിടവാങ്ങൽ പ്രഭാഷണം അനുസ്മരിച്ച് ഡോ. യൂസുഫ് ബിൻ മുഹമ്മദ് ബിൻ സഈദാണ് അറഫാ പ്രഭാഷണം നടത്തുക. അറഫയിലെ നമിറാ മസ്ജിദിൽ വെച്ചാകും ഇത്. 4 ലക്ഷം ഹാജിമാർക്ക് പള്ളിയിൽ സൗകര്യമുണ്ട്. ബാക്കിയുള്ള 16 ലക്ഷം പേർ പള്ളിക്ക് പൂറത്തുള്ള അറഫാ മൈതാനിയിലെ വിവിധ ടെന്റുകളിലും, കാരുണ്യത്തിന്റെ പർവതം എന്നർഥമുള്ള ജബലു റഹ്മ കുന്നിന് താഴെയുമിരുന്ന് ഹാജിമാരിത് കേൾക്കും.

മലയാളമടക്കം 20 ഭാഷകളിലേക്ക് പ്രഭാഷണം തൽസമയം വിവർത്തനം ചെയ്യും. പിന്നാലെ ളുഹ്ർ, അസർ നമസ്കാരങ്ങൾ ഒന്നിച്ചു നിർവഹിക്കും. ഇതിന് ശേഷം സൂര്യാസ്തമയം വരെ ഹാജിമാർ അറഫയിൽ പാപമോചന പ്രാർഥനകളോടെ കഴിഞ്ഞു കൂടും

11252 മലയാളി ഹാജിമാരടക്കം ഒന്നേമുക്കാൽ ലക്ഷ്യം ഇന്ത്യൻ ഹാജിമാർ അറഫയിലേക്ക് എത്തിക്കഴിഞ്ഞു. ആശുപത്രിയിലുള്ള രണ്ട് മലയാളി ഹാജിമാരേയും ആവശ്യമായ മെഡിക്കൽ സംവിധാനത്തോടെ അറഫയിലെത്തിച്ചിട്ടുണ്ട്. സൂര്യാസ്തമയത്തിന് പിന്നാലെ ഹാജിമാർ മുസ്ദലിഫയിലേക്ക് നീങ്ങും. ഇവിടെയാണ് ഇന്ന് രാത്രി കഴിയുക. ബാക്കി കർമങ്ങൾ ബുധനാഴ്ച നടക്കും.


TAGS :

Next Story