ദുബൈയെ പൂരപ്പറമ്പാക്കി 'മ്മടെ തൃശൂർ പൂരം'
മട്ടന്നൂർ ശങ്കരൻ കുട്ടി മാരാർ പ്രവാസ ലോകത്ത് ഇതാദ്യമായൊരുക്കിയ മട്ടന്നൂര് സ്പെഷ്യൽ ഇരുകോല് പഞ്ചാരിമേളം കാണികൾക്ക് ആവേശമായി
ദുബൈ: നഗരത്തെ ആഘോഷങ്ങളുടെ പൂരപ്പറമ്പാക്കി 'മ്മടെ തൃശ്ശൂർ പൂരം' അരങ്ങേറി. ആയിരങ്ങളാണ് ദുബൈ ഇത്തിസലാത്ത് അക്കാദമിയിലെ പൂരപ്പറമ്പിൽ ഒത്തുചേർന്നത്. തൃശൂർ പൂരക്കാഴ്ചകൾ അതേപടി പകർത്തിക്കൊണ്ടായിരുന്നു ചടങ്ങുകൾ. കൊടിയേറ്റം, ഇരുകോൽ പഞ്ചാരി മേളം, മഠത്തിൽ വരവ്, പഞ്ചവാദ്യം, കാവടിയാട്ടം, നാദസ്വരം, ഇലഞ്ഞിത്തറ പാണ്ടി മേളം, ഘോഷയാത്ര, സാംസ്കാരിക സമ്മേളനം, ലൈവ് ബാൻഡ്, കൊടിയിറക്കം എന്നിവയിലൂടെ തൃശൂർ പൂരം പുനരാവിഷ്കരിക്കപ്പെടുകയായിരുന്നു പ്രവാസലോകത്ത്.
നൂറിലേറെ വാദ്യകലാകാരന്മാർ അണിനിരന്നു. മട്ടന്നൂർ ശങ്കരൻ കുട്ടി മാരാർ പ്രവാസ ലോകത്ത് ഇതാദ്യമായൊരുക്കിയ മട്ടന്നൂര് സ്പെഷ്യൽ ഇരുകോല് പഞ്ചാരിമേളം കാണികൾക്ക് ആവേശമായി. പറക്കാട്തങ്കപ്പന്മാരാരുടെ മേജർ സെറ്റ് പഞ്ചവാദ്യവും ദുബൈ പൂരത്തിന്‍റെ പ്രധാന ആകർഷണമായി. 100ലധികം കലാകാരന്മാരെ അണിനിരത്തി പെരുവനം കുട്ടന്മാരാരുടെ നേതൃത്വത്തിൽ ഇലഞ്ഞിത്തറ പാണ്ടി മേളവും അരങ്ങേറി.
സൂരജ് സന്തോഷ്, നിത്യാ മാമൻ എന്നിവരുടെ നേതൃത്വത്തിൽ ഗാനമേള അരങ്ങേറി. കേളി, കാളകളി , ഘോഷയാത്ര, റോബോട്ടിക്ക് ആനകള്‍, തൃശ്ശൂർ കോട്ടപ്പുറം ദേശം പുലിക്കളി, നാദസ്വര മേളം, കാവടിയാട്ടം, കുടമാറ്റം എന്നിവയും പൂരനഗരിക്ക് പൊലിമ പകർന്നു. ഇക്വിറ്റിപ്ലസ് അഡ്വടൈസിങ്ങും, മ്മടെ തൃശൂർ കൂട്ടായ്മയുമാണ് പൂരം സംഘടിപ്പിച്ചത്.
Adjust Story Font
16