Quantcast

ദുബൈ ടാക്സി കോർപറേഷനിൽ ഡ്രൈവർ, ബൈക്ക് റൈഡർ ഒഴിവുകൾ ; അഭിമുഖം ഇന്ന്

ഡ്രൈവർമാർക്ക് 2,500 ദിർഹം വരെ ശമ്പളവും കമ്മീഷനും ലഭിക്കും

MediaOne Logo

Web Desk

  • Published:

    31 March 2023 2:14 AM GMT

dubai taxi corporation
X

ദുബൈ ടാക്സി കോര്‍പറേഷന്‍

ദുബൈ: ദുബൈയിലെ ടാക്സി സേവനദാതാക്കളായ ദുബൈ ടാക്സി കോർപറേഷനിലേക്ക്​ ഡ്രൈവർമാരെയും ബൈക്ക്​ റൈഡർമാരെയും നിയമിക്കുന്നു. ഇന്നാണ് ​ ഇതിനായി അഭിമുഖം നിശ്​ചയിച്ചിരിക്കുന്നത്​. ഡ്രൈവർമാർക്ക് 2,500 ദിർഹം വരെ ശമ്പളവും കമ്മീഷനും ലഭിക്കും. 23 നും 50 നും ഇടയിൽ പ്രായമുള്ള എല്ലാ രാജ്യക്കാർക്കും​ അപേക്ഷിക്കാവുന്നതാണ്​. അപേക്ഷകർ യു.എ.ഇ, ജി.സി.സി ലൈസൻസ് ഉള്ളവരായിരിക്കണമെന്നും നിബന്ധനയുണ്ട്​. പ്രതിമാസ ശമ്പളത്തിന് പുറമേ, ഡ്രൈവർമാർക്ക് അവരുടെ തൊഴിൽ കാലയളവിൽ ആരോഗ്യ ഇൻഷുറൻസും താമസസൗകര്യവും ലഭിക്കും. ബൈക്ക് റൈഡർ ജോലികൾക്ക് മറ്റ് ആനുകൂല്യങ്ങൾക്കൊപ്പം ഒരു ഡെലിവറിക്ക് 7.5 ദിർഹമാണ്​ കമ്പനി നൽകുക.

മാർച്ച് 31 വെള്ളിയാഴ്ച രാവിലെ 7 മുതൽ 11 വരെയാണ്​ ജോലിക്ക്​ അഭിമുഖം നടക്കുന്നത്​. ദുബൈ അബൂഹൈൽ സെന്‍ററിലെ പ്രിവിലേജ് ലേബർ റിക്രൂട്ട്‌മെന്‍റ്​ ഓഫീസ് എം-11ലാണ്​ ഉദ്യോഗാർഥികൾ എത്തിച്ചേരേണ്ടത്​. അഭിമുഖത്തിന്​ എത്തുന്നവർ താമസ വിസ, എമിറേറ്റ്​സ്​ ഐ.ഡി, ഡ്രൈവിങ്​ ലൈസൻസ്, പാസ്‌പോർട്ട്, സി.വി എന്നിവയുടെ പകർപ്പുകളും വെള്ള പശ്ചാത്തലമുള്ള മൂന്ന് ഫോട്ടോകളും കൊണ്ടുവരണം. ബൈക്ക് റൈഡറുടെ ജോലിക്ക് അപേക്ഷിക്കുന്നവർക്ക്​ മോട്ടോർ ബൈക്ക് ലൈസൻസ് ഉണ്ടായിരിക്കണം. പലരും വീടുകളിൽ നോമ്പ് തുറക്കാൻ ഇഷ്ടപ്പെടുന്നതിനാൽ റമദാൻ മാസമായതോടെ ഡെലിവറി റൈഡർമാരുടെ ആവശ്യം വർധിച്ചിട്ടുണ്ട്​. ഈ സാഹചര്യത്തിലാണ്​ ദുബൈ ടാക്സി കൂടുതലായി റൈഡർമാരെ നിയമിക്കുന്നത്​.

അതിനിടെ ദുബൈ ആസ്ഥാനമായ വിമാനക്കമ്പനിയായ 'എമിറേറ്റ്​സും' ലോകമെമ്പാടുമുള്ള 150 ലധികം തസ്തികകളിലേക്ക് റിക്രൂട്ട് ചെയ്യുന്നുണ്ട്​. ഇവയിൽ ഭൂരിഭാഗം ജോലികളും ദു​ബൈയിൽ തന്നെയാണ്. അക്കാദമിക് റോളുകൾ, ഐ.ടി, ക്യാബിൻ ക്രൂ, കാർഗോ, കൊമേഴ്‌സ്യൽ, കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ്, മാർക്കറ്റിങ്​, ബ്രാൻഡ്, എഞ്ചിനീയറിങ്​, ഫിനാൻസ്, ഫ്ലൈറ്റ് ഡെക്ക് എന്നിങ്ങനെ വിവിധ തലങ്ങളിലാണ്​ നിയമനം നടക്കുന്നത്​. താൽപര്യമുള്ള ഉദ്യോഗാർഥികൾ എമിറേറ്റ്‌സ് ഗ്രൂപ്പിന്‍റെ വെബ്‌സൈറ്റിലാ അപേക്ഷിക്കേണ്ടത്​. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന്​ ആയിരക്കണക്കിന് അപേക്ഷകൾ ലഭിക്കുന്നതിനാൽ എമിറേറ്റ്​സിൽ മൽസരം കൂടുതലായിരിക്കും.

TAGS :

Next Story