ഗ്രാമീണ ടൂറിസം വികസന പദ്ധതിയുമായി ദുബൈ
100 കിലോമീറ്റർ നീളത്തിൽ പ്രകൃതി രമണീയമായ പാതകൾ, ഹെലികോപ്ടർ റൈഡ്, പ്രകൃതിദത്ത അരുവികള്‍ ,ഡസർട്ട്സ് സ്പോർട്സ് മേഖലകള്‍ എന്നിവ പദ്ധതിയുടെ ഭാഗമായി ഒരുക്കും
ദുബൈ: ഗ്രാമീണ മേഖലയിലെ ടൂറിസ വികസനം ലക്ഷ്യമിട്ട് ദുബൈയില്‍ പുതിയ പദ്ധതികള്‍ നടപ്പിലാകുന്നു. 100 കിലോമീറ്റർ നീളത്തിൽ പ്രകൃതി രമണീയമായ പാതകൾ, ഹെലികോപ്ടർ റൈഡ്, പ്രകൃതിദത്ത അരുവികള്‍ ,ഡസർട്ട്സ് സ്പോർട്സ് മേഖലകള്‍ എന്നിവ പദ്ധതിയുടെ ഭാഗമായി ഒരുക്കും.
യു.എ.ഇ വൈസ്പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്മുഹമ്മദ്ബിൻ റാശിദ്ആൽ മക്തൂംആണ് ഗ്രാമീണ ടൂറിസം വികസന പദ്ധതികൾ പ്രഖ്യാപിച്ചത്. പദ്ധതിയുടെ ചിത്രങ്ങളും ശൈഖ്മുഹമ്മദ് പുറത്തുവിട്ടു. പദ്ധതി നടപ്പാക്കാൻ ഉദ്ദേശിക്കുന്ന സ്ഥലങ്ങളിൽ അദ്ദേഹം സന്ദർശനവും നടത്തി.
ആദ്യഘട്ടത്തിൽ ലെഹ്ബാബ്, അവീർ, ഫഖാ തുടങ്ങിയ മേഖലകളിലാണ് പദ്ധതി നടപ്പാക്കുക. 2216 ചതുരശ്ര കിലോമീറ്ററിലായിരിക്കും പദ്ധതി. അടുത്ത ലക്ഷ്യം ഗ്രാമങ്ങളുടെ മനോഹാരിത ഉറപ്പാക്കുകയാണെന്ന് ശൈഖ്മുഹമ്മദ് ട്വീറ്റ്ചെയ്തു. ട്വിറ്ററിൽ പങ്കുവെച്ച ചിത്രങ്ങളിൽ ഹെലികോപ്ടറും പച്ചപ്പും മരുഭൂമിയും ഒട്ടകവും ബസുകളുമെല്ലാം കാണാം. കഴിഞ്ഞ മെയ്യിലാണ് ഗ്രാമങ്ങളിലെ ടൂറിസം വികസന പദ്ധതി പ്രഖ്യാപിച്ചത്. കഴിഞ്ഞ വർഷം പ്രഖ്യാപിച്ച ദുബൈ അർബൻ മാസ്റ്റർ പ്ലാൻ-2040ലും ഗ്രാമീണ വികസനമുണ്ട്. ദുബൈയുടെ 60 ശതമാനവും പച്ചപുതപ്പിക്കാനാണ് ഈ പദ്ധതി.
ദുബൈകിരീടാവകാശിയും എക്സിക്യൂട്ടീവ്കൗൺസിൽ ചെയർമാനുമായ ശൈഖ്ഹംദാൻ ബിൻ മുഹമ്മദ്ബിൻ റാശിദ് ആൽ മക്തൂം ,യു.എ.ഇ ധനകാര്യമന്ത്രിയും ദുബൈ ഉപഭരണാധികാരിയും ദുബൈ മീഡിയ ചെയർമാനുമായ ശൈഖ്മക്തൂം ബിൻ മുഹമ്മദ്ബിൻ റാശിദ്ആൽ മക്തൂം എന്നിവർക്കൊപ്പം പദ്ധതി പ്രദേശം സന്ദർശിക്കുന്ന ചിത്രങ്ങളും ശൈഖ്മുഹമ്മദ് ട്വീറ്റ്ചെയ്തു.
യു.എ.ഇയിലെ വിനോദസഞ്ചാരികളുടെ എണ്ണം അടുത്ത 10 വർഷത്തിനുള്ളിൽ 40 ദശലക്ഷമായി ഉയർത്തുമെന്ന്കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
ഇതുവഴി 450 ശതകോടി ദിർഹമിന്‍റെ ജി.ഡി.പി വർധനവാണ് ലക്ഷ്യമിടുന്നത്. ഗ്രാമീണ മേഖലയിലെ ടൂറിസം വികസനം ഇതിന് മുതൽകൂട്ടാവും.
Adjust Story Font
16