ആഗോള കാലാവസ്ഥാ ഉച്ചകോടി; യു.എ.ഇക്ക് പിന്തുണയുമായി ഇന്ത്യ
ഇന്ത്യക്കു വേണ്ടി കോപ് 28 ഉച്ചകോടിയെ പിന്തുണച്ച് ഇന്ത്യൻ അംബാസിഡർ സഞ്ജയ് സുധീർ ആണ് രംഗത്തുവന്നത്
ദുബൈ: നവംബറിൽ യു.എ.ഇയിൽ നടക്കുന്ന ആഗോള കാലാവസ്ഥ ഉച്ചകോടിക്ക് പിന്തുണയുമായി ഇന്ത്യ. ലോകരാജ്യങ്ങളുടെയും ജനതയുടെയും ഭാവിയുമായി ബന്ധപ്പെട്ട് നിർണായക തീരുമാനങ്ങൾ കൈക്കൊള്ളാൻ ഉച്ചകോടിക്ക് കഴിയുമെന്നാണ് ഇന്ത്യൻ പ്രതീക്ഷ. പാരമ്പര്യേതര ഊർജം ഉൾപ്പെടെ വിവിധ തുറകളിലും യു.എ.ഇയുമായി ഇന്ത്യ സഹകരിച്ചു പ്രവർത്തിക്കും.
ഇന്ത്യക്കു വേണ്ടി കോപ് 28 ഉച്ചകോടിയെ പിന്തുണച്ച് ഇന്ത്യൻ അംബാസിഡർ സഞ്ജയ് സുധീർ ആണ് രംഗത്തുവന്നത്. കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പോരാട്ടത്തിൽ ആഗോള സമൂഹം ഒരുമിച്ചുനിൽക്കണമെന്ന് അദ്ദേഹം ലോകരാജ്യങ്ങളോട് ആവശ്യപ്പെട്ടു.
കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട ചർച്ചകളിൽ എല്ലാവരേയും ഉൾകൊള്ളാനുള്ള കോപ് 28 പ്രസിഡന്‍റ് ഡോ. സുൽത്താൻ അൽ ജാബറിന്‍റെ സമീപനം ഉച്ചകോടിയിലും തുടർന്നും നിർണായകമായിരിക്കുമെന്നും അംബാസഡർ പറഞ്ഞു. പാരിസ് ഉടമ്പടി ലക്ഷ്യമിട്ട, ആഗോള താപനില 1.5 ഡിഗ്രി സെൽഷ്യസിന് മുകളിൽ പോകാതെ നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തിൽ നിന്ന് ലോക രാജ്യങ്ങൾ വ്യതിചലിച്ചുവെന്നത് വ്യക്തമാണെന്നും ഇന്ത്യൻ പ്രതിനിധി പറഞ്ഞു. അബൂദബി ദേശീയ ഓയിൽ കമ്പനിയുടെ തലവനായ ഡോ. അൽ ജാബിർ കാലാവസ്ഥ ഉച്ചകോടിയിൽ സുപ്രധാന പദവി വഹിക്കുന്നതുമായി ബന്ധപ്പെട്ട് ചില കോണുകളിൽ നിന്ന് ഉയരുന്ന ആശങ്കയും അംബാസഡർ തള്ളി.
Adjust Story Font
16