യു.എ.ഇ യാത്രാവിലക്ക് സൗദി പിൻവലിച്ചതോടെ പുത്തനുണർവ് പ്രതീക്ഷിച്ച് ഗൾഫ് വിപണി
സൗദി സെക്ടർ സജീവമാകുന്നത് ഹോട്ടൽ, ടൂറിസം വിപണിക്കും മെച്ചമാകും. അടുത്ത മാസം ഒന്നുമുതൽ ദുബൈയിൽ വേൾഡ് എക്സ്പോ ആരംഭിക്കാനിരിക്കെ, ലോക രാജ്യങ്ങളിൽ നിന്നുളള സന്ദർശക പ്രവാഹത്തിനാകും യു.എ.ഇ സാക്ഷ്യം വഹിക്കുക.
യു.എ.ഇയിൽ നിന്നുള്ള യാത്രാവിലക്ക് സൗദി പിൻവലിച്ചത് ഗള്‍ഫ് വിപണിയില്‍ ഉണര്‍വുണ്ടാക്കും.
നേരത്തെ സൗദി യാത്രക്കാർ ഇടത്താവളമാക്കിയിരുന്നത് യു.എ.ഇ ആയിരുന്നു. യാത്രാവിലക്കിനെ തുടർന്ന് മറ്റു രാജ്യങ്ങള്‍ വഴിയാണ് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ സൗദിയിലേക്ക് പോയിരുന്നത്.
യു.എ.ഇക്കും സൗദിക്കും ഇടയിൽ മാസങ്ങളായി നിലനിന്ന യാത്രാവിലക്കാണ് അവസാനിക്കുന്നത്. കോവിഡ് പ്രതിസന്ധി കുറഞ്ഞതോടെ നിയന്ത്രണങ്ങൾ യു.എ.ഇ ഏറെക്കുറെ പിൻവലിച്ച ഘട്ടത്തിൽ തന്നെയാണ് സൗദി യാത്രയും സുഗമമാകുന്നത്.
ഖത്തർ, സെർബിയ, മാലിദ്വീപ് തുടങ്ങിയ രാജ്യങ്ങളെ ഇടത്താവളങ്ങളാക്കി മാറ്റിയത് മലയാളികൾ ഉൾപ്പെടെ ഇന്ത്യക്കാർക്ക് വലിയ സാമ്പത്തിക ചെലവിന് ഇടയാക്കിയിരുന്നു. ഹോട്ടൽ ക്വാറന്‍റൈൻ വ്യവസ്ഥകളാണ് സൗദിയാത്ര വലിയ പണച്ചെലവുള്ള ഒന്നാക്കി മാറ്റിയത്.
ട്രാൻസിറ്റ് യാത്ര എളുപ്പമാക്കിയും വിസാ ഓൺ അറൈവൽ സംവിധാനം ഏർപ്പെടുത്തിയും സൗദി യാത്രക്കാരെ പരമാവധി ആകർഷിക്കാനുള്ള ഒരുക്കത്തിലാണ് യു.എ.ഇ. ഇന്ത്യയെ റെഡ് ലിസ്റ്റിൽ നിന്ന് മാറ്റാത്ത സാഹചര്യത്തിൽ രണ്ടാഴ്ചക്കാലം സൗദി യാത്രക്കാർ യു.എ.ഇയിൽ തങ്ങേണ്ടി വരും. സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമൊപ്പം തങ്ങി സൗദിയിലേക്ക് പോകാൻ നൂറുകണക്കിനാളുകളാണ്ടിക്കറ്റിനായി സമീപിക്കുന്നതെന്ന് ട്രാവൽ ഏജൻസികൾ അറിയിച്ചു. സൗദി സെക്ടർ സജീവമാകുന്നത് ഹോട്ടൽ, ടൂറിസം വിപണിക്കും മെച്ചമാകും. അടുത്ത മാസം ഒന്നുമുതൽ ദുബൈയിൽ വേൾഡ് എക്സ്പോ ആരംഭിക്കാനിരിക്കെ, ലോക രാജ്യങ്ങളിൽ നിന്നുളള സന്ദർശക പ്രവാഹത്തിനാകും യു.എ.ഇ സാക്ഷ്യം വഹിക്കുക. ആയിരക്കണക്കിന് സന്ദർശക വിസകളാണ് യു.എ.ഇ ഇപ്പോള്‍ അനുവദിച്ചു വരുന്നത്.
Adjust Story Font
16